mayank-agarwal

ന്യൂഡൽഹി: ഐ.പി.എൽ പുതിയ സീസണിൽ പഞ്ചാബ് കിംഗ്സിന്റെ നായകനായി മായാങ്ക് അഗർവാളിനെ നിയോഗിച്ചേക്കും. ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണറായ മായാങ്കിനെയും അർഷ്ദീപ് സിംഗിനെയും മാത്രമാണ് പഞ്ചാബ് ഈ സീസണിൽ നിലനിറുത്തിയിരുന്നത്. നായകനായിരുന്ന കെ.എൽ.രാഹുൽ ടീം വിട്ടതോടെയാണ് മായങ്കിന് നറുക്കുവീണത്.

പഞ്ചാബിന്റെ വിശ്വസ്തനായ ബാറ്ററാണ് മായാങ്ക്. പരിചയസമ്പത്ത് ഏറെയുള്ള മായാങ്കിന്റെ കൈയ്യിൽ നായകസ്ഥാനം ഭദ്രമായിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്.കഴിഞ്ഞ സീസണിൽ രാഹുലിന് പരിക്കേറ്റപ്പോൾ ടീമിനെ മായാങ്കാണ് നയിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 800-ലധികം റൺസ് നേടിയ മായാങ്ക് 2011 ലാണ് ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. മായങ്കിലൂടെ കന്നിക്കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ്. 2014ൽ ടീം ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചിരുന്നത്.

ഇത്തവണ നിരവധി മുൻനിര താരങ്ങളെ പഞ്ചാബ് ടീമിലെത്തിച്ചിട്ടുണ്ട്. ശിഖർ ധവാൻ, കഗിസോ റബാദ, ജോണി ബെയർസ്‌റ്റോ, രാഹുൽ ചാഹർ, ഷാറൂഖ് ഖാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഒാഡിയൻ സ്മിത്ത് തുടങ്ങിയവർ ഇത്തവണ പഞ്ചാബിന്റെ ജഴ്‌സിയാണ് അണിയുന്നത്.