girl

കൊച്ചി: ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസുകാരി കണ്ണ് തുറന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും പ്രതികരിച്ചു തുടങ്ങിയെന്നും ഡോക്‌ടർമാർ പറഞ്ഞു.

അതേസമയം,​ കുട്ടിയുടെ ദേഹത്ത് മുഴുവൻ മുറിവുകൾ ഉണ്ടെന്നും ഇത് കുട്ടി സ്വയം ഉണ്ടാക്കിയതല്ലെന്നുമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഒരു മാസം മുതൽ ഒരു ദിവസം വരെ പഴക്കമുള്ള മുറിവുകൾ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു. ഇത്രയും ചെറിയ കുട്ടിക്ക് ഇത്തരം മുറിവുകൾ തനിയെ ഉണ്ടാക്കാൻ കഴിയില്ലെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.

അപകടകാരണം ദുരൂഹമായി തുടരുന്നതിനിടെ ഇന്ന് രാവിലെ മൈസൂരിൽ നിന്നും ആന്റണി ടിജിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടെ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കുമൊപ്പം ടിജിനും ഫ്ലാറ്റിൽ താമസിക്കുന്നുണ്ടായിരുന്നു. കുട്ടിയെ ആക്രമിച്ചത് ഇയാളായിരിക്കും എന്നാണ് പൊലീസിന്റെ നിഗമനം.

എന്നാൽ കുട്ടിയെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറച്ച് നാളുകളായി അസാധാരണ പെരുമാറ്റം കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നുമാണ് അമ്മ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. അമ്മയും അമ്മൂമ്മയും നൽകുന്ന പരസ്പര വിരുദ്ധമായ മൊഴികൾ അന്വേഷണ സംഘത്തെയും കുഴയ്‌ക്കുന്നുണ്ട്.

ഇതിനിടെ ഇന്ന് പുലർച്ചെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൈ മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.