manchester-united

ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും സമനിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിലെത്തിച്ചത് ആന്തണി എലാൻഗ ബെൻഫിക്ക - അയാക്സ് മത്സരവും സമനിലയിൽ പിരിഞ്ഞു അത്‌ലറ്റിക്കോ മാഡ്രിഡ് 1-മാഞ്ചസ്റ്റർ യുണൈറ്റഡ് 1 ബെൻഫിക്ക 2 - അയാക്സ് 2 മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടർ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. മറ്റൊരു മത്സരത്തിൽ ഡച്ച് ക്ളബ് അയാക്‌സിനെ പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയും സമനിലയിൽ തളച്ചു.

അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ജാവോ ഫെലിക്‌സും യുണൈറ്റഡിന് വേണ്ടി യുവതാരം ആന്തണി എലാൻഗയുമാണ് സ്കോർ ചെയ്തത്. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഏഴാം മിനിട്ടിൽ തന്നെ അത്‌ലറ്റിക്കോ മുന്നിലെത്തിയിരുന്നു. ലോഡിയുടെ ക്രോസിന് കൃത്യമായി തലവെച്ച ജാവോ ഫെലിക്‌സ് ഗോൾകീപ്പർ ഡി ഗിയയ്ക്ക് തടുക്കാൻ അവസരം നൽകാതെ മികച്ച ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. പോസ്റ്റിലിടിച്ചാണ് ഹെഡർ വലയിൽ കയറിയത്. ആദ്യപകുതിയിൽ അത്‌ലറ്റിക്കോ 1-0 ന് മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ സമനില നേടാനുള്ള യുണൈറ്റഡിന്റെ പരിശ്രമം 80-ാം മിനിട്ടിലാണ് സഫലമായത്. പകരക്കാരനായിറങ്ങിയ യുവതാരം അന്തോണി എലാൻഗ മികച്ച ഫിനിഷിലൂടെ യുണൈറ്റഡിന് സമനില സമ്മാനിക്കുകയായിരുന്നു. പ്ലേ മേക്കർ ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ എലാൻഗ ഗോൾകീപ്പർ ഒബ്ലാക്കിനെ അനായാസം കബിളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.

87-ാം മിനിട്ടിൽ അത്‌ലറ്റിക്കോ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ആന്റോയിന്‍ ഗ്രീസ്മാന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിച്ചു. യുണൈറ്റഡ്-അത്‌ലറ്റിക്കോ രണ്ടാം പാദമത്സരം മാർച്ച് 16 ന് നടക്കും.

അയാക്‌സും ബെൻഫിക്കയും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. അയാക്‌സിനായി ഡ്യൂസന്‍ ടാഡിച്ചും സെബാസ്റ്റ്യൻ ഹാളറും ലക്ഷ്യം കണ്ടു. ബെൻഫിക്കയ്ക്ക് വേണ്ടി റോമാൻ യാറെംചുക്ക് ഗോളടിച്ചപ്പോൾ ഹാളറുടെ സെൽഫ് ഗോളും ടീമിന് തുണയായി.

18-ാം മിനിട്ടിൽ ഡ്യൂസൻ ടാഡിച്ചിലൂടെ അയാക്‌സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 26-ാം മിനിട്ടിൽ ഹാളറിന്റെ സെൽഫ് ഗോളിലൂടെ ബെൻഫിക്ക സമനില നേടി. ബെൻഫിക്കയുടെ വെർട്ടോംഗന്റെ ക്രോസ് അബദ്ധത്തിൽ ഹാളറുടെ കാലിൽ തട്ടി വലയില്‍ കയറുകയായിരുന്നു.

എന്നാൽ താൻ വരുത്തിയ പിഴവ് ഹാളർ തന്നെ തിരുത്തി. 29-ാം മിനിട്ടിൽ എതിർ വലയിലും പന്തുകടത്തി ഹാളർ അയാക്‌സിന് ലീഡ് സമ്മാനിച്ചു. ഹാളറുടെ ആദ്യശ്രമം ഗോൾകീപ്പർ വ്‌ളാച്ചോഡിമോസ് തട്ടിയെങ്കിലും രണ്ടാം ശ്രമത്തിൽ അനായാസം ലക്ഷ്യം കണ്ട് ഹാളർ ടീമിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയിൽ ആ ലീഡ് കാത്തുസൂക്ഷിക്കാനും അയാക്‌സിന് സാധിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച ബെൻഫിക്ക വിജയത്തോളം പോന്ന സമനില നേടിയെടുത്തു. 72-ാം മിനിറ്റിൽ ലക്ഷ്യം കണ്ട പകരക്കാരൻ റോമാൻ യാറെംചുക്കാണ് ബെൻഫിക്കയ്ക്ക് വേണ്ടി രണ്ടാം ഗോൾ നേടിയത്. ബെൻഫിക്ക-അയാക്‌സ് രണ്ടാം പാദ മത്സരവും മാർച്ച് 16 നാണ്.