liverpool

ലീഡ്സിനെ 6-0ത്തിന് തകർത്തെറിഞ്ഞ് ലിവർപൂൾ

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് ലീഡ്‌സ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് ലിവർപൂൾ. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ ബേൺലി ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്.

സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂളിനായി സൂപ്പർ താരം മുഹമ്മദ് സല, സാഡിയോ മാനെ എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ജോയൽ മാറ്റിപ്, വിർജിൽ വാൻ ഡിക്ക് എന്നിവരും ലക്ഷ്യം കണ്ടു. 15-ാം മിനിട്ടിലും 35-ാം മിനിട്ടിലും ലഭിച്ച പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് സല ഇരട്ട ഗോൾ നേടിയത്. ഇതോടെ 19 ഗോളുകളുമായി സല സീസണിലെ ടോപ് സ്‌കോററായി തുടരുന്നു.

80, 90 മിനിട്ടുകളിലാണ് മാനെ ലക്ഷ്യം കണ്ടത്. മാറ്റിപ് 30-ാം മിനിട്ടിലും വാൻ ഡിക്ക് 90-ാം മിനിട്ടിലും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ കിരീടപ്പോരാട്ടത്തിൽ സിറ്റിയുമായുള്ള പോയിന്റ് അകലം വെറും മൂന്നാക്കി കുറയ്ക്കാൻ ലിവർപൂളിന് സാധിച്ചു. 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണ് ലിവർപൂളിനുള്ളത്. സിറ്റിയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 60 പോയിന്റുണ്ട്. പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണിപ്പോൾ ലിവർപൂൾ. കഴിഞ്ഞ ആറുമത്സരങ്ങളിൽ ലിവർപൂൾ തോൽവി അറിഞ്ഞിട്ടില്ല.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ കളിക്കാനിറങ്ങിയ ടോട്ടൻഹാമിനെ ബേൺലി 71-ാം മിനിട്ടിൽ ബെൻ മീ നേടിയ ഗോളിനാണ് അട്ടിമറിച്ചത്. ഈ തോൽവിയോടെ ടോട്ടൻഹാമിന്റെ ആദ്യ നാലിലെത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടു.

നിലവിൽ 24 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുള്ള ടോട്ടൻഹാം പട്ടികയിൽ എട്ടാമതാണ്. ബേൺലി 18-ാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ വാറ്റ്‌ഫോർഡിനെ ക്രിസ്റ്റൽ പാലസ് കീഴടക്കി. ഒന്നിനെതിരേ നാലുഗോളുകൾക്കാണ് പാലസിന്റെ വിജയം. ക്രിസ്റ്റൽ പാലസിനായി സൂപ്പർ താരം വിൽഫ്രഡ് സാഹ ഇരട്ട ഗോൾ നേടിയപ്പോൾ ജീൻ ഫിലിപ്പെ മാറ്റിറ്റ, കോണർ ഗ്യാലാഗർ എന്നിവരും ലക്ഷ്യം കണ്ടു. വാറ്റ്‌ഫോർഡിനായി മൗസ്സ സിസ്സോക്കോ ആശ്വാസ ഗോൾ കണ്ടെത്തി.