russia

കീവ്: തിരിച്ചടി ശക്തമാക്കി യുക്രെയിൻ. ഇതുവരെ അമ്പത് റഷ്യൻ സൈനികരെ വധിച്ചെന്നാണ് യുക്രെയിനിന്റെ അവകാശവാദം. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുകയും ഒരു ഹെലികോപ്ടർ തകർക്കുകയും ചെയ്തെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ആയുധം വച്ച് കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടപ്പോൾ കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് സൈന്യം തിരിച്ചടി ശക്തമാക്കിയത്. എന്നാൽ തങ്ങളുടെ പക്ഷത്തെ ആൾ നാശത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആകാശം വഴിയും കരവഴിയുമാണ് റഷ്യ ആക്രമണം നടത്തുന്നത്. യുക്രെയിൻ തലസ്ഥാനത്തുൾപ്പടെ തുടർ സ്ഫോടനങ്ങൾ കേൾക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നുണ്ട്.

അതിനിടെ, റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതായി യുക്രെയിൻ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിനെതിരെ റഷ്യക്കാരുടെ പിന്തുണയും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യക്കാർ എന്നും നല്ല സുഹൃത്തുക്കളാണെന്നും അതിനാൽ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ ശക്തമായി ഇടപെടണമെന്നുമാണ് റഷ്യക്കാരോട് അദ്ദേഹം റഷ്യൻ ഭാഷയിൽ അഭ്യർത്ഥിച്ചത്. അതേസമയം, യുക്രെയിനിൽ അമേരിക്കൻ യുദ്ധവിമാനം എത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അധിനിവേശം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടിക്കുമെന്ന് നാറ്റോ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിരീക്ഷണത്തിനും വിവരശേഖരണത്തിനും വേണ്ടിയാണ് അമേരിക്കൻ യുദ്ധവിമാനം യുക്രെയിൻ അതിർത്തിയിൽ എത്തിയതെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ.