
തൃശൂർ: യുക്രെയിനിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ള പതിനെണ്ണായിരത്തോളം ഇന്ത്യക്കാരെ രക്ഷപ്പെടുത്താനും അവരെ തിരികെ കൊണ്ടുവരാനുമുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിഭ്രാന്തരാകേണ്ടെന്നും വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാൽ ബദൽ മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയിനിൽ നിന്ന് വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ ഇന്ത്യക്കാരെ കരമാർഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാർഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് എംബസി ആലോചിക്കുന്നത്. എല്ലാ പൗരൻമാരോടും പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാദ്ധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
