russia

 സെൻസെക്‌സ് 2,800 പോയിന്റും നിഫ്‌റ്റി 820 പോയിന്റും ഇടിഞ്ഞു

കൊച്ചി: റഷ്യ-യുക്രെയിൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആഗോളതലത്തിൽ ഓഹരിവിപണികളെ തകർത്തെറിഞ്ഞ് 'കരടികളുടെ" വിളയാട്ടം. ഇന്നലെ ഒരുവേള 2,800 പോയിന്റോളം കൂപ്പുകുത്തിയ സെൻസെക്‌സ് വ്യാപാരാന്ത്യം 2,702 പോയിന്റ് നഷ്‌ടവുമായി 54,529ലാണുള്ളത്. 815 പോയിന്റിടിഞ്ഞ് 16,247ലാണ് നിഫ്‌റ്റി. ഒരുവേള നിഫ്‌റ്റി 820 പോയിന്റോളം തകർന്നിരുന്നു.

സെൻസെക്‌സിലെയും നിഫ്‌റ്റിയിലെയും എല്ലാ വിഭാഗങ്ങളും ഇന്നലെ മൂന്നുമുതൽ എട്ടുവരെ ശതമാനം തകർന്നടിഞ്ഞു. ഒരുവർഷത്തിനിടെ ഓഹരി സൂചികകളുടെ ഏറ്റവും വലിയ വീഴ്‌ചയാണിത്. ''നല്ലത് സംഭവിക്കും" എന്ന വിശ്വാസത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടുന്നവർക്കുപകരം (വിളിപ്പേര് - കാളകൾ) ശുഭപ്രതീക്ഷ തീരെയില്ലാതെ ഓഹരികൾ കിട്ടുന്നവിലയ്ക്ക് വിറ്റൊഴിയുന്നവർ (കരടികൾ) കളംനിറഞ്ഞതാണ് തിരിച്ചടിയായത്.

ടാറ്റാ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്‌സ്, ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഏറ്റവുമധികം മൂല്യത്തകർച്ച നേരിട്ട പ്രധാന ഓഹരികൾ.

എണ്ണയിൽ തെന്നി ഓഹരി

ഓഹരി വിപണിയുടെ തകർച്ചയ്ക്ക് കാരണങ്ങൾ:

1. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ മെല്ലെ കരകയറുന്നതിനിടെ യുദ്ധം.

2. 2014ന് ശേഷം ആദ്യമായി ബാരലിന് 100 ഡോളർ കടന്ന ബ്രെന്റ് ക്രൂഡ് വില.

3. പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ മുന്നേറ്റം.

4. നിക്ഷേപകർ ഓഹരികളിൽ നിന്ന് കൂട്ടത്തോടെ പിൻവലിയുന്നു. വിദേശനിക്ഷേപകർ ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വ്യാപാര സെഷനിൽ മാത്രം പിൻവലിച്ചത് 3,200 കോടി രൂപ.

5. മാസാന്ത്യമായതിനാൽ സ്വാഭാവികമായുള്ള ലാഭമെടുപ്പ്.

ഒറ്റയടിക്ക് നഷ്‌ടം
₹13.44 ലക്ഷം കോടി

സെൻസെക്‌സിൽ നിന്ന് ഇന്നലെ ഒറ്റദിവസം കൊഴിഞ്ഞത് 13.44 ലക്ഷം കോടി രൂപ. 255.68 ലക്ഷം കോടി രൂപയിൽ നിന്ന് 242.24 ലക്ഷം കോടി രൂപയിലേക്കാണ് നിക്ഷേപകമൂല്യം തകർന്നത്. ഈമാസം ഇതുവരെ നഷ്‌ടം 28.40 ലക്ഷം കോടി രൂപ.

വീണുടഞ്ഞ് റുപ്പി

പ്രമുഖ കറൻസികൾക്കെതിരെ ഡോളർ മുന്നേറുകയും ഓഹരി, കടപ്പത്രവിപണികളിൽ നിന്ന് നിക്ഷേപം കൊഴിയുകയും ചെയ്‌തതോടെ ഇന്ത്യൻ റുപ്പി ഇന്നലെ തരിപ്പണമായി. ഡോളറിനെതിരെ ഒരുവേള 75.75വരെ കൂപ്പുകുത്തിയ രൂപ വ്യാപാരാന്ത്യം 102 പൈസ നഷ്‌ടവുമായി 75.63ലാണുള്ളത്.

 രാജ്യാന്തരവിപണിയിൽ സ്വർണം, ക്രൂഡ് വ്യാപാരം ഡോളറിലാണ്. ഡോളർ ശക്തമാകുമ്പോൾ ഇവയുടെ വിലയും ഉയരും.

റഷ്യയുടെ പെരുമ

 ലോകത്തെ രണ്ടാമത്തെ വലിയ എണ്ണകയറ്റുമതി രാജ്യം.

 സ്വർണം ഉത്പാദനത്തിൽ മൂന്നാംസ്ഥാനം.

 പലേഡിയം, പ്ലാറ്റിനം, വെള്ളി കയറ്റുമതിയിലും മുൻനിരയിൽ.

 വെള്ളിവില ഇന്നലെ 2.1% ഉയർന്നു.

 പ്ളാറ്റിനം ഒരുശതമാനവും പലേഡിയം 1.6 ശതമാനവും ഉയ‌ർന്നു.

വൻ വീഴ്ചകൾ

(സെൻസെക്‌സിന്റെ വലിയ തകർച്ചകൾ - പോയിന്റിൽ)

 2020 മാർച്ച് 23 : 3,934

 2020 മാർച്ച് 12 : 2,919

 2020 മാർച്ച് 16 : 2,708

 2022 ഫെബ്രു 24 : 2,072

 2020 മേയ് 04 : 2,002

സ്വയംകുഴിച്ച കുഴിയിൽ റഷ്യ

യുക്രെയിനിലേക്കുള്ള കടന്നുകയറ്റം ഇന്നലെ റഷ്യയ്ക്കുതന്നെ സാമ്പത്തികമായി വൻ ക്ഷീണമായി. തകർച്ച പേടിച്ച് റഷ്യൻ ഓഹരി വിപണിയുടെ വ്യാപാരം ഇടയ്ക്കുനിറുത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും 18.75 ലക്ഷം കോടി രൂപ കൊഴിഞ്ഞു. റഷ്യൻ കറൻസിയായ റൂബിൾ ഡോളറിനെതിരെ റെക്കാഡ് തകർച്ച നേരിട്ടു (10 ശതമാനം).