uiui

നെടുമങ്ങാട്: കഴക്കൂട്ടം ജംഗ്ഷനിൽ വിദ്യാർത്ഥിനികളുടെ വീഡിയോ ദൃശ്യം പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്‌ത വിദ്യാർത്ഥിക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. എ.ഐ.എസ്.എഫ് ലോക്കൽ കമ്മിറ്റി അംഗം അഭിഷേകിനാണ് പൊലീസ് മർദ്ദനമേറ്റത്.

പൊലീസ് സംഘമെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് എസ്.ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ചാക്ക ഐ.ടി.ഐ വിദ്യാർത്ഥിയായ അഭിഷേക് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളോട് സംസാരിക്കുന്നതിനിടെ സദാചാര പൊലീസ് ചമഞ്ഞ് വീഡിയോ ദൃശ്യം പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്‌ത വിദ്യാർത്ഥിക്ക് നേരെയാണ് പൊലീസ് അതിക്രമമെന്നാണ് പരാതി.

വിദ്യാർത്ഥിയെ മർദ്ദിച്ച കഴക്കൂട്ടം പൊലീസിനെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എ.ഐ.എസ്.എ മണ്ഡലം പ്രസിഡന്റ് അഖില ഷെയ്ക്കും സെക്രട്ടറി അബ്ദുള്ളക്കുട്ടിയും അറിയിച്ചു.