valentina

കീവ്: എ.കെ. 47 തോക്കെടുത്ത് ഉന്നം പിടിക്കുമ്പോൾ തെല്ലും വിറച്ചില്ല വാലന്റീന കോൺസ്റ്റാന്റിനോവ്സ്‌ക എന്ന ഈ 79കാരിയുടെ കൈകൾ. വാർദ്ധക്യം മനസിനെ തെല്ലും ബാധിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് റഷ്യയ്ക്കെതിരെ പോരാടാൻ തയാറെടുത്തിരിക്കുകയാണ് യുക്രെയിനിലെ ഈ ഉണ്ണിയാർച്ച. കിഴക്കൻ യുക്രെയിനിലെ മരിയുപോൾ സ്വദേശിയായ വാലന്റീന എ.കെ 47 ഉപയോഗിച്ച് പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും 'യുക്രയിനിലെ ഹീറോയിൻ' എന്ന തലക്കെട്ടിൽ രാജ്യാന്തര മാദ്ധ്യമങ്ങളിൽ വൈറലായി. യുക്രെയിനിലെ സിവിലിയൻ കോംബാറ്റ് പരിശീലനത്തിലാണ് എ.കെ.47 എങ്ങനെ ഉപയോഗിക്കണമെന്ന് സൈനികരുടെ സഹായത്തോടെ വാലന്റീന പഠിച്ചത്.

പുട്ടിന് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. എത്ര പേടിപ്പിച്ചാലും രാജ്യത്തിനായി ഞങ്ങൾ നിലകൊള്ളും. എന്റെ വീടിനെയും നഗരത്തെയും കുട്ടികളെയും സംരക്ഷിക്കാൻ യുദ്ധത്തിനിറങ്ങാനും ഞാൻ തയ്യാറാണ് - വാലന്റീന മുത്തശ്ളി പറയുന്നു.

വാലന്റീനയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി. പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ഇത്തരെ നിരവധി വീഡിയോകളാണ് യുക്രെയിനിൽ നിന്ന് പുറത്തു വരുന്നത്. റഷ്യയെ അപേക്ഷിച്ച് സൈനികരുടെ എണ്ണം വളരെക്കുറവായതിനാൽ യുക്രെയിനിലെ സാധാരണക്കാരും കൊച്ചുകുട്ടികളും വരെ സൈനിക പരിശീലനം നേടിയിട്ടുണ്ട്.