
പുനലൂർ: തടി വ്യാപാരിയെ റോഡിൽ വച്ചു അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ തൈക്കാട് ജംഗ്ഷനിൽ ചരുവിള പുത്തൻവീട്ടിൽ കരിമാടി നാസർ എന്ന നിസാറിനെയാണ് (37) പിടികൂടിയത്. പുനലൂർ പേപ്പർമില്ലിന് സമീപത്തെ, കാഞ്ഞിരമല അൽഅമാൻ മൻസിലിൽ തടി കച്ചവടക്കാരനായ മാഹിനെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ കാര്യറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. തടി കച്ചവടത്തിൽ മാഹിന് നഷ്ടം സംഭവിച്ചത് പ്രതി കാരണം ആണെന്നുള്ള വിവരം നാട്ടുകാർ അറിയുകയും, അത് പ്രതിയോട് ചോദിച്ചതിനുള്ള വിരോധമാണ് ആക്രമിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിന്റെ താക്കോൽ കൊണ്ട് മുഖത്ത് ഇടിച്ചത് കാരണം മാഹിന്റെ മുഖത്തെ അസ്ഥിക്ക് പൊട്ടലുണ്ടായി. മാഹിന്റെ പരാതിയെ തുടർന്ന് പുനലൂർ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ പ്രതിയെ ഇന്നലെ പിടികൂടുകയായിരുന്നു. പുനലൂരിലെ എസ്.ഐമാരായ ഹരീഷ്, ഷിബു ,കെ. രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ, എ.എസ്.ഐ. രാജൻ, എസ്.സി.പി.ഒ. ഷിജു, സി.പി.ഒ. അഭിലാഷ്, അജാസ് തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിസാറിന് പുനലൂർ സ്റ്റേഷനിൽ പത്തും കുന്നിക്കോട് സ്റ്റേഷനിൽ നാലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.