rerr

എഴുകോൺ: വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങൾ അടിച്ച് തകർത്ത പ്രതിയെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തിൽ ജിഷ്ണു (27) ആണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.30 ഓടെ ഇടയ്ക്കിടം കിണറുമുക്ക് വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്റെ വീടിന്റെ മതിൽ ചാടി കടന്ന് വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ അടിച്ചു പൊട്ടിക്കുകയായിരുന്നു. വീടിന്റെ ജനൽ പാളികൾ അടിച്ചുതകർക്കുകയും മുറ്റത്ത് കിടന്ന ഓൾട്ടോ കാർ, സ്വിഫ്റ്റ് കാർ, ആക്ടീവ സ്കൂട്ടർ, പിക്കപ്പ് വാൻ, ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ എന്നിവ കമ്പിവടി ഉപയോഗിച്ച് അടിച്ച് പോട്ടിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ പ്രതാപിനെയും ഭാര്യ ശ്രീകുമാരിയെയും അസഭ്യം പറഞ്ഞ് ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിച്ചു. മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശ്രീകുമാരി എഴുകോൺ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. എഴുകോൺ ഐ.എസ്.എച്ച്.ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐ. അനീസ്, എസ്. സി. പി. ഒ. ഗിരീഷ്, ബിനിൽ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.