
- മൂന്ന് ദിക്കിൽ വളഞ്ഞ് ആക്രമണം
- ഒട്ടേറെ മരണം, കൂട്ട പലായനം
- സൈനിക സഹായത്തിനില്ലെന്ന് നാറ്റോ
മോസ്കോ: പാശ്ചാത്യ ശക്തികളുടെ ഉപരോധ ഭീഷണിയെക്കാൾ വലുത് തങ്ങളുടെ സുരക്ഷയെന്ന് പ്രഖ്യാപിച്ച റഷ്യ, ഇന്നലെ യുക്രെയിനെ മൂന്ന് ദിക്കുകളിൽ വളഞ്ഞ് കരയിലും ആകാശത്തും നിന്ന് വൻ ആക്രമണം ആരംഭിച്ചു. ബെലറൂസ് സേനയും റഷ്യയ്ക്കൊപ്പമുണ്ട്.
പ്രത്യാക്രമണത്തിന് അവസരം കൊടുക്കാതെ നടത്തിയ
മിസൈൽ, ബോംബ് വർഷത്തിൽ ഒട്ടേറെ യുക്രെയിൻ ഭടന്മാരും സിവിലിയൻമാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി മരണം 68 ആണ്. നൂറുകണക്കിനുപേർക്ക് പരിക്കേറ്റു. 50 റഷ്യൻ ഭടന്മാരെ വധിച്ചതായി യുക്രെയിനും അവകാശപ്പെട്ടു.
സഖ്യരാഷ്ട്രമല്ലാത്ത യുക്രെയിനെ സഹായിക്കാൻ സൈന്യത്തെ അയയ്ക്കില്ലെന്ന് നാറ്റോ നിലപാടെടുക്കുകയും സാമ്പത്തിക ഉപരോധത്തിനപ്പുറമൊന്നും അമേരിക്ക പറയാതിരിക്കുകയും ചെയ്തതോടെ യുക്രെയിൻ ഒറ്റപ്പെട്ടപോലെയായി. അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കായി ഇന്ന് നാറ്റോ നേതാക്കളുടെ വെർച്വൽ ഉച്ചകോടി നടക്കും.
യുദ്ധമാരംഭിച്ചതോടെ കൂട്ട പലായനമാണ്. അയൽ രാജ്യങ്ങളായ പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലേക്കാണ് അഭയാർത്ഥി പ്രവാഹം.
അതിനിടെ, പുട്ടിനെ പിന്തിരിപ്പിക്കാൻ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ യുക്രെയിനും യൂറോപ്യൻ യൂണിയനും അഭ്യർത്ഥിച്ചു. മോദി പുട്ടിനുമായി ഇന്നലെ രാത്രി തന്നെ സംസാരിക്കുമെന്ന റിപ്പോർട്ട് വൈകിട്ട് പുറത്തുവന്നു.
യുക്രെയിനിന്റെ വിമാനവേധ മിസൈലുകൾ ഉൾപ്പെടെയുള്ള വ്യോമപ്രതിരോധം തകർത്തതായി റഷ്യ അവകാശപ്പെട്ടു. റഷ്യയുടെ അഞ്ച് ജറ്റ് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയിനും പറഞ്ഞു.
യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കി പട്ടാള നിയമവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടു. റഷ്യയുമായുള്ള നയതന്ത്ര ബന്ധവും വിച്ഛേദിച്ചു.
യുക്രേനിയൻ സമയം ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് റഷ്യ ആക്രമണം തുടങ്ങിയത്. 200ലേറെ ആക്രമണങ്ങളാണ് നടത്തിയത്. കരിങ്കടലിലെ മരിയുപോൾ നാവികത്താവളത്തിലായിരുന്നു ആദ്യ ഷെല്ലാക്രമണം. തുടർന്ന് തെക്കും വടക്കും കിഴക്കും ദിക്കുകളിൽ നിന്ന് മിന്നലാക്രമണങ്ങൾ.
രണ്ട് മണിക്കൂറിന് ശേഷമാണ് പ്രസിഡന്റ് പുട്ടിൻ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധം ഒഴിവാക്കാനുള്ള വഴികൾ ആലോചിക്കാൻ ഐക്യരാഷ്ട്ര സഭ സമ്മേളിക്കുകയായിരുന്നു അപ്പോൾ.
യുക്രെയിനിലെ വിമാന, സൈനികത്താവളങ്ങളിലും പടക്കോപ്പുശാലകളിലും കമാൻഡ് പോസ്റ്റുകളിലും തലസ്ഥാനമായ കീവിലും റഷ്യ വൻ നാശം വിതച്ചു. ക്രൂസ് മിസൈലുകളും നിയന്ത്രിത ബോംബുകളും ഗ്രാഡ് റോക്കറ്റുകളും പതിച്ച് നഗരങ്ങളും പട്ടണങ്ങളും കത്തി. വ്യോമാക്രമണത്തിനൊപ്പം റഷ്യൻ ടാങ്കുകൾ യുക്രെയിൻ മണ്ണിലേക്ക് ഇരച്ചുകയറി.
വിവിധ കേന്ദ്രങ്ങളിൽ രൂക്ഷമായ യുദ്ധം നടക്കുകയാണെന്ന് യുക്രെയിൻ അവകാശപ്പെട്ടു. സുമി, ഖാർകീവ്,ഖേർസൺ, ഒഡേസ, കീവിലെ വിമാനത്താവളം എന്നിവിടങ്ങളിലാണ് പോരാട്ടം. ഒഡേസയിൽ 18 പേർ കൊല്ലപ്പെട്ടു.
വളഞ്ഞിട്ട് ആക്രമണം
ബെലറൂസ്, ക്രൈമിയ, ഡോണെസ്‌ക്, ലുഹാൻസ്‌ക് എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ സേന ഇരച്ചുകയറി
ഖർകീവിൽ നൂറുകണക്കിന് പാരാട്രൂപ്പർമാർ ഇറങ്ങി. ബോറിസ്‌പിൽ വിമാനത്താവളം തകർത്തു
ഇവാനോ ഫ്രാങ്ക്‌വിസ്‌ക് വിമാനത്താവളത്തിൽ കാലിബർ ക്രൂസ് മിസൈൽ നാശം വിതച്ചു
മോൾഡോവ,ഒഡേസ, ലിവിവ്, തകീവ്, ദിനിപ്രോ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ
കീവിലെ വ്യോമത്താവളങ്ങളിലും സൈനിക ആസ്ഥാനത്തും ബാലിസ്റ്റിക് മിസൈലുകൾ പതിച്ചു
പടിഞ്ഞാറ് പോളണ്ട് അതിർത്തിയിലെ സൈറ്റോമിർ, ലവിവ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ
മോൾഡോവയിൽ ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചു ഡോൺബാസിൽ രണ്ട് വിമാനങ്ങൾ വെടിവച്ചിട്ടു