sandy-nair

തിരുവനന്തപുരം : പ്രൈം വോളിബാൾ ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം സെമിഫൈനൽ വരെ എത്തിയ കാലിക്കറ്റ് ഹീറോസിന്റെ വിജയക്കുതിപ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ ടീമിന്റെ ചീഫ് കോച്ച് കിഷോർ കുമാർ തന്റെ കളിക്കാർക്കൊപ്പം ചേർത്തു പറയുന്ന ഒരു പേരുണ്ട്,ഡോ.സാൻഡി നായർ. ഹീറോസിന്റെ സ്ട്രെംഗ്ത്ത് ആൻഡ് കണ്ടിഷനിംഗ് കോച്ചാണ്(ട്രെയിനർ) തിരുവനന്തപുരം സ്വദേശിയായ സാൻഡി.

ആദ്യ തോൽവികളിൽ ശാരീരികമായി തളർന്നുപോകാതെ ടീമിനെ കൈപിടിച്ചുനടത്തിയത് സാൻഡിയുടെ പ്രൊഫഷണൽ മികവാണെന്ന് കിഷോർ പറയുന്നു. പരിക്കിന്റെ പിടിയിൽ നിന്ന് വിദേശതാരം ലീയെ കഴിഞ്ഞ മത്സരങ്ങളിലെ ഗംഭീരപ്രകടനങ്ങളിലേക്ക് എത്തിച്ചതിൽ ഫിസിയോ സജേഷിനൊപ്പം സാൻഡിയും പ്രധാന പങ്കുവഹിച്ചു.പ്രൊഫഷണൽ ലീഗുകളിൽ താരങ്ങളെ പരിപാലിക്കുന്നതിലെ സാൻഡിയുടെ പരിചയസമ്പത്ത് ഹീറോസിന് വലിയ മുതൽക്കൂട്ടാണെന്നും കോച്ച് സാക്ഷ്യപ്പെടുത്തുന്നു.

15 വർഷത്തോളമായി ഫിറ്റ്നസ് ട്രെയിനിംഗ് രംഗത്ത് ശ്രദ്ധേയനാണ് ഈ തിരുവനന്തപുരത്തുകാരൻ. ആർമിയിൽ കേണലും മാരത്തോൺ ഓട്ടക്കാരനുമായ എൻ.ചന്ദ്രന്റെയും ക്ളാസിക്കൽ നർത്തകി പ്രേമ നായരുടെയും പാരമ്പര്യമാണ് കായികരംഗത്തെ മെയ്‌വഴക്കത്തിലേക്ക് സാൻഡി ആകൃഷ്ടനാകാൻ കാരണം. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നിന്ന് ഫിസിക്കൽ എജ്യൂക്കേഷനിൽ റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ സാൻഡി എൽ.എൻ.ഐ.പി.ഇയിൽ നിന്ന് എംഫില്ലും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.ഗ്വാളിയറിലെ ആദിത്യ കോളേജിലും കാര്യവട്ടം എൽ.എൻ.സി.പി.ഇയിലും അദ്ധ്യാപകനായിരുന്ന സാൻഡി 2012 മുതൽ എൻ.എസ്.എസ് മാനേജ്മെന്റിന് കീഴിലെ കോളേജുകളിൽ കായിക അദ്ധ്യാപകനായും ജോലി നോക്കുന്നുണ്ട്.

ബാംഗ്ളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് എ-ലെവൽ ഫിസിക്കൽ ട്രെയിനർ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള സാൻഡി 2007 മുതൽ 10 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ പരിശീലനക്യാമ്പുകളിൽ പ്രവർത്തിച്ചു. കേരളത്തിന് പുറമേ ഹൈദരാബാദ് രഞ്ജി ടീമിന്റെയും ഐ.പി.എൽ ടീം ഡെക്കാൻ ചാർജേഴ്സിന്റെയും ട്രെയിനറായിരുന്നു.വി.വി.എസ് ലക്ഷ്മൺ,അജിങ്ക്യ രഹാനെ,കെ.എൽ രാഹുൽ,പ്രജ്ഞാൻ ഓജ,സ്റ്റുവർട്ട് ബിന്നി,റോബിൻ ഉത്തപ്പ,സഞ്ജു സാംസൺ,മിഥാലി രാജ്,ജെമീമ റോഡിഗ്രസ് തുടങ്ങിയ താരങ്ങൾക്കൊക്കെ സാൻഡി ട്രെയിനിംഗ് നൽകിയിട്ടുണ്ട്. 2019ൽ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിനെയും കുറച്ചുനാൾ പരിശീലിപ്പിച്ചിരുന്നു.

ദുബായ്‌യിലെ ഏയ്സ് ക്രിക്കറ്റ് അക്കാഡമി,ക്രിക്കറ്റ് സ്പേറോ,കുവൈറ്റിലെ ശക്തി ക്രിക്കറ്റ് അക്കാഡമി,ബി.പി.സി.എൽ വോളിബാൾ ടീം.കെ.എസ്.ഇ.ബി ബാസ്കക്കറ്റ് ബാൾ ടീം,അത്രേയ ക്രിക്കറ്റ് അക്കാഡമി,ലവ് ആൾ ക്രിക്കറ്റ് അക്കാഡമി തുടങ്ങിയവയുടെ കൺസൾട്ടന്റ് ട്രെയിനറുമാണ് സാൻഡി. കൊവിഡ് കാലത്ത് തന്റെ യൂട്യൂബ് ചാനലിലെ ഫിസിക്കൽ ട്രെയിനിംഗ് ക്ളാസുകളിലൂടെയും കർമ്മനിരതനായിരുന്നു.സഹോദരി ഷാലി നായർ സ്സിൻ സർട്ടിഫൈഡ് സുംബ ട്രെയിനറാണ്.

സാൻഡിയെക്കുറിച്ച് കൂടുതലറിയാൻ

WEBSITE:

www.trainer-sandy.com

FACEBOOK ACCOUNT & PAGE:

Sandy Nair

(https://www.facebook.com/san.de.nair)

SANDY NAIR, @drsandynair

https://www.facebook.com/drsandynair/

INSTAGRAM:

Dr. SANDY NAIR, trainer.sandy (#trainersandy, #drsandynair)

https://www.instagram.com/trainer.sandy/

YOUTUBE:

Dr. Sandy Nair

https://www.youtube.com/user/sandynair82