
ന്യൂഡൽഹി: റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി സംസാരിക്കണെമെന്നും യുക്രെയിൻ. യുക്രെയിൻ സ്ഥാനപതി ഇഗോർ പൊലിഖയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
' ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോ എന്ന് എനിക്കറിയില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തിൽ ഒന്ന് ചിന്തിക്കാനെങ്കിലും പുടിൻ തയാറാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.'– യുക്രെയ്ൻ സ്ഥാനപതി പറഞ്ഞു.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രെയിനിലുള്ളത്. ഇവരുടെയെല്ലാവരുടെയും സുരക്ഷ തങ്ങൾക്ക് പരമപ്രധാനമാണ്. അവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ പാർപ്പിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി. അതിനിടെ യുക്രെയിൻ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേനന്ദ്രമോദി യോഗം വിളിച്ചു. അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രഡിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തില്ലെന്നും റഷ്യയുമായി യുദ്ധത്തിനില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തെ യുക്രെയിനിലേക്ക് അയക്കില്ലെന്നും അവർ പറഞ്ഞു.