
രാവിലെ അഞ്ചു മണി ആയിക്കാണും.ബോംബ് പൊട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. എല്ലാവരും വല്ലാതെ പേടിച്ചു. കിലോമീറ്ററുകൾക്ക് അപ്പുറത്തായിരുന്നു സ്ഫോടനം. തലസ്ഥാനമായ കീവിലെ ബോഗമൊളെറ്റ്സ് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി ധന്യ എസ്. കൃഷ്ണ സ്വന്തം അനുഭവം വെളിപ്പെടുത്തി.
കീവ്സിലെ ഹോസ്റ്റലിൽ 100 ൽ അധികം മലയാളികളുണ്ട്. എല്ലാവരും നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. 28നുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു. അത് റദ്ദാക്കിയെന്ന മെസേജ് വന്നു. ഇപ്പോൾ, ഹോസ്റ്റൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുകയാണ്. അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളെ ഇന്ത്യൻ എംബസി ഇടപെട്ട് ഹോസ്റ്റലിൽ താമസിക്കാൻ അനുവദിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണം വാങ്ങിവച്ചിട്ടുണ്ട്. ഒഴിപ്പിക്കാൻ നടത്തുന്ന വിമാന സർവീസിലെ ഉയർന്ന ടിക്കറ്റ് നിരക്ക് താങ്ങാൻ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും കഴിയാത്ത അവസ്ഥയാണ്. വീട്ടുകാരും ഭയത്തിലാണ്. യാത്ര ചെലവ് കുറയ്ക്കാത്ത പക്ഷം ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. എംബസി നാട്ടിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.