kk

പകരം വയ്ക്കാനാവാത്ത നടനചാതുര്യത്തിനുടമയായ, ഇന്ത്യൻ സിനിമയിലെതന്നെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളെയാണ് കെ.പി.എ.സി ലളിതയുടെ വിയോഗത്തിലൂടെ കലാലോകത്തിന് നഷ്ടമാകുന്നത്.

തീരെ ഭദ്രമല്ലാത്ത ,ആശാവഹമല്ലാത്ത പരിത:സ്ഥിതികളിൽ നിന്ന് വന്ന് അനുഭവങ്ങളുടെ കരുത്തും നൈസർഗിക പ്രതിഭയും ഉൾച്ചേർന്ന് അഭിനയത്തിന്റെ ഒൗന്നത്യങ്ങളിൽ ചിര:പ്രതിഷ്ഠ നേടിയ കലാകാരിയായിരുന്നു ലളിത.കുട്ടിക്കാലത്ത് അഭ്യസിച്ച നൃത്തവും പാട്ടും, കെ.പി.എ.സി എന്ന നാടകസമിതിയിലൂടെ നേടിയ അഭിനയ പരിചയവും , കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ആയിരക്കണക്കിന് പ്രേക്ഷകരുടെ മുന്നിൽ നാടകമഭിനയിച്ച് നേടിയെടുത്ത അസാധാരണമായ ജീവിത നിരീക്ഷണവും - ഈ ഘടകങ്ങളെല്ലാമാണ് ലളിതയെന്ന നടിയുടെ അഭിനയജീവിതത്തിന്റെ ആധാരശിലകൾ .അതുകൊണ്ടാണ് ഇത്രമാത്രം വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെ അത്യന്തം അനായാസമായി, എന്നാൽ ഉൾക്കാമ്പോടെ അവതരിപ്പിക്കാൻ ലളിതയ്ക്ക് കഴിഞ്ഞത്. അറുന്നൂറിലധികം ചിത്രങ്ങൾ.അവിസ്മരണീയമായ കഥാപാത്രങ്ങൾ.ഓരോന്നും മലയാളി മനസിൽ കൊണ്ടുനടന്ന കഥാപാത്രങ്ങളാണ്.നെടുമുടിവേണു എന്ന മഹാനടന്റെ വേർപാടിനു പിന്നാലെയാണ് ലളിതയും കടന്നുപോകുന്നത്.മലയാള സിനിമയ്ക്ക് ഉൾക്കൊള്ളാനാവാത്ത നഷ്ടങ്ങളാണിത്. ഞങ്ങളുടെ ഉറ്റമിത്രവും അഭ്യുദയാകാക്ഷിയുമായിരുന്നു ലളിത.ആ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.