renji-trophy

ഗുജറാത്ത് 334/6, നിധീഷിന് നാലു വിക്കറ്റ്

രാജ്കോട്ട് : കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് തിരിച്ചുവന്ന ഗുജറാത്ത് ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 334 റൺസെന്ന നിലയിലെത്തി. സെഞ്ച്വറികൾ നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹേതും (146 നോട്ടൗട്ട്), കരൺ പട്ടേലുമാണ് (120) ഗുജറാത്തിനെ വൻതകർച്ചയിൽ നിന്ന് രക്ഷിച്ചത്. കേരളത്തിനായി എം.ഡി നിധീഷ് നാലുവിക്കറ്റും ഏദൻ ആപ്പിൾ ടോം ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

പരിക്കേറ്റ ശ്രീശാന്തിന് പകരം ടീമിലെത്തിയ നിധീഷ് ആദ്യ ഓവറിലെ നാലാം പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തി. ഓപ്പണർ കാതൻ പട്ടേലിനെ (0)വത്സൽ ഗോവിന്ദിന്റെ കയ്യിലെത്തിക്കുകയായിരുന്നു.മൂന്നാം ഓവറിൽ ക്യാപ്ടൻ മെരായ്‌യെയും നിധീഷ് ഡക്കാക്കി.പത്താം ഓവറിൽ എസ്.ഡി ചൗഹാനെ ഏദനും അടുത്ത ഓവറിൽ ജുനേജയെ (3)ബേസിലും പുറത്താക്കിയതോടെ ഗുജറാത്ത് 33/4 എന്ന നിലയിലായി. ടീം സ്കോർ 90ലെത്തിയപ്പോൾ ഉമാംഗിനെയും (24) നിധീഷ് മടക്കി അയച്ചു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഹേതും കരൺ പട്ടേലും കൂട്ടിച്ചേർത്ത 234 റൺസാണ് ഗുജറാത്തിന് രക്ഷയായത്. 166 പന്തുകളിൽ 18 ഫോറും ഒരു സിക്സുമടിച്ച കരണിനെയും നിധീഷാണ് പുറത്താക്കിയത്. 211പന്തുകളിൽ 22 ഫോറും ഒരു സിക്സും പായിച്ചാണ് ഹേത് 146 റൺസിലെത്തി നിൽക്കുന്നത്. ഒൻപത് റൺസുമായി കലാറിയയാണ് കളിനിറുത്തുമ്പോൾ കൂട്ട്.