
കീവ് : യുക്രെയിനിൽ ആക്രമണം നടത്തുന്ന റഷ്യയ്ക്കെതിരെ സംയുക്ത സൈനിക നീക്കത്തിൽ നിന്ന് പിൻമാരി നാറ്റോ. അംഗരാജ്യമല്ലാത്ത യുക്രെയിന് വേണ്ടി ഉടനെ സൈന്യത്തെ അയയ്ക്കേണ്ടെന്നാണ് നാറ്റോയുടെ തീരുമാനം. അതേസമയം നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നീക്കങ്ങൾക്ക് അനുമതി നൽകിയെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. പുതിയ സുരക്ഷാ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ തീരുമാനിക്കാൻ വെള്ളിയാഴ്ച നാറ്റോ യോഗം ചേരുന്നുണ്ട്.
റഷ്യ യുക്രെയിന് മേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നുവെങ്കിലും സൈനിക നടപടിക്കില്ലെന്ന പ്രസ്താവന യുക്രേനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കിക്കു തിരിച്ചടിയായി. ഉപരോധങ്ങൾ വഴി മാത്രം റഷ്യയെ നേരിടാനാണ് നിലവിൽ അമേരിക്കയും നാറ്റോയും തീരുമാനിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കാനില്ല. ഞങ്ങൾ സ്വയം പരസ്പരം സംരക്ഷിച്ച് ഒന്നിച്ച് നിൽക്കുമെന്നും നാറ്റോയുടെ പ്രസ്താവനയിൽ പറയുന്നു. ഏകാധിപത്യത്തിനുമേൽ ജനാധിപത്യം വിജയം നേടുമെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നു യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ വിദേശകാര്യമേധാവി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറെ വിളിച്ചു. പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് യുക്രെയിനും ആവശ്യപ്പെട്ടിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രഡിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തില്ലെന്നും റഷ്യയുമായി യുദ്ധത്തിനില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തെ യുക്രെയിനിലേക്ക് അയക്കില്ലെന്നും അവർ പറഞ്ഞു