crude-oil

 ബ്രെന്റ് വില 105 ഡോളർ കടന്നു; 2014ന് ശേഷം ആദ്യം

കൊച്ചി: റഷ്യ- യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ക്രൂഡോയിൽ വില എട്ടുവർഷത്തെ ഉയരത്തിലേക്ക് കുതിച്ചുകയറി. ബ്രെന്റ് ക്രൂഡ് വില 2014 സെപ്‌തംബറിനു ശേഷം ആദ്യമായി 100 ഡോളർ പിന്നിട്ട് 105-ലെത്തി. ഡബ്ള്യു.ടി.ഐ ക്രൂഡിന് 99.95 ഡോളർ.

രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ. യൂറോപ്പിലേക്കുള്ള എണ്ണയിൽ 50 ശതമാനവും റഷ്യയിൽ നിന്നാണ്. യുദ്ധ പശ്ചാത്തലത്തിൽ വിതരണം തടസപ്പെടുന്ന ഭീതിയാണ് വിലക്കുതിപ്പിനു കാരണം. റഷ്യയ്ക്കു മേൽ യൂറോപ്പും അമേരിക്കയുമടക്കം സാമ്പത്തിക ഉപരോധനീക്കം നടത്തുന്നതും തിരിച്ചടിയാണ്.

ആഗോളതലത്തിൽ വൻ ഡിമാൻഡുണ്ടെങ്കിലും ഇപ്പോഴും പ്രതിദിന ഉത്‌പാദനത്തിൽ 8-9 ലക്ഷം ബാരലിന്റെ കുറവുണ്ട്. ഇതിനിടെയാണ് തിരിച്ചടിയായി,​ യുദ്ധം.

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഇതിൽ ഒരുശതമാനമേ റഷ്യയിൽ നിന്നുള്ളൂ എന്നതിനാൽ വിതരണശൃംഖലയിൽ ഇന്ത്യയ്ക്ക് പ്രതിസന്ധിയില്ല. പക്ഷേ, വില കുതിച്ചുകയറുന്നത് തിരിച്ചടിയാണ്.

പെട്രോൾ, ഡീസൽ,

എൽ.പി.ജി വില കത്തും

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബർ നാലു മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയിട്ടില്ല. പെട്രോളിന് 106.36 രൂപയും ഡീസലിന് 93.47 രൂപയുമാണ് നടപ്പുവില. നവംബർ ആദ്യവാരം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽ വില 80 ഡോളറായിരുന്നത് ഇപ്പോൾ 97.21 ഡോളറാണ്. ഈ വിലവർദ്ധന എണ്ണക്കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറിയിട്ടില്ല. 10-15 രൂപയുടെ വിലവർദ്ധനയാണ് ഇതുമൂലം ഒഴിവായത്. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ വില കത്തിക്കയറും. ഇപ്പോൾ 900 രൂപ നിരക്കിലുള്ള ഗാർഹിക എൽ.പി.ജി വിലയിലും കുതിപ്പുണ്ടാകും.

 ഇന്ധനവില കൂടുന്നതിനു പിന്നാലെ അവശ്യവസ്‌തുക്കളുടെ വില കുതിക്കും.

 ഉയരുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പലിശനിരക്കുകൾ കൂട്ടും.

 ഇന്ത്യയുടെ വ്യാപാര, ധന, കറന്റ് അക്കൗണ്ട് കമ്മിഭാരം കൂടും. ഇത് കേന്ദ്രത്തിന്റെ സാമ്പത്തിക ഭദ്രതയെ വഷളാക്കും. കേന്ദ്രം ചെലവുചുരുക്കലിന് നിർബന്ധിതമാകും.

തീപിടിച്ച് സ്വർണം

യുദ്ധപശ്ചാത്തലത്തിൽ ഓഹരി, കടപ്പത്രങ്ങൾ തകർന്നതോടെ സുരക്ഷിതനിക്ഷേപമെന്ന പെരുമകിട്ടിയ സ്വർണത്തിന് വില കുതിച്ചുകയറുന്നു. രാജ്യാന്തരവില ഔൺസിന് 62 ഡോളർ വർദ്ധിച്ച് 13 മാസത്തെ ഉയരമായ 1,972 ഡോളറിലെത്തി.

പവന് കൂടിയത്

₹1000+

സംസ്ഥാനത്ത് ഇന്നലെ എ.കെ.ജി.എസ്.എം.എയും വൻകിട ജുവലറിക്കാരും നിശ്ചയിച്ചത് വ്യത്യസ്‌ത സ്വർണവില.

എ.കെ.ജി.എസ്.എം.എ രണ്ടുതവണയായി ഇന്നലെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും ഉയർത്തി. ഗ്രാമിന് 4,725 രൂപയിലും പവന് 37,800 രൂപയിലുമായിരുന്നു എ.കെ.ജി.എസ്.എം.എയ്ക്ക് കീഴിലെ കടകളിൽ വ്യാപാരം.

മലബാർ ഗോൾഡ്, കല്യാൺ ജുവലേഴ്‌സ് തുടങ്ങിയ വൻകിട ജുവലറികളിൽ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില.

 2020 ആഗസ്‌റ്റ് 18ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കൂടിയ ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണ് ഇന്നലത്തേത്.