war

മോസ്കോ: തീമഴ പോലെ പെയ്തിറങ്ങിയ മിസൈലുകൾ, ബെലറൂസ് അതിർത്തിയിൽ നിന്ന് ഇരച്ചുകയറിയ ടാങ്കുകൾ, ഡൊണെസ്ക്, ലുഹാൻസ്ക് മേഖലയിൽ നിന്ന് പാരാട്രൂപ്പുകൾ.... ഇന്നലെ യുക്രെയിൻ ഉണർന്നത് ഈ നടുക്കത്തിലേക്കാണ്. റഷ്യൻസേന കരയിൽ നിന്നും ആകാശത്തു നിന്നും യുക്രെയിനെ വളയുകയായിരുന്നു. ക്രൂസ് മിസൈലുകളും റോക്കറ്റുകളും ഗൈഡഡ് ബോംബുകളും തലസ്ഥാനമായ കീവിൽ ഉൾപ്പെടെ വ്യോമതാവളങ്ങളെയും മിലിട്ടറി ബേസുകളെയും കമാൻഡ് പോസ്റ്റുകളെയും ലക്ഷ്യമാക്കി ചീറീയെത്തി.

ആശങ്കയുടെ നിമിഷങ്ങൾ

യുദ്ധത്തിന്റെ ആദ്യ സൂചനയെത്തിയത് പ്രാദേശിക സമയം ഇന്നലെ അർദ്ധരാത്രി 12 മണിക്ക്. (ഇന്ത്യൻ സമയം പുലർച്ചെ 3.30). കിഴക്കൻ യുക്രെയിനിലെ വിമത നേതാക്കൾ സൈനിക സഹായത്തിനായി മോസ്കോയെ സമീപിച്ചതോടെയാണ് അപായസൂചന ലഭിച്ചത്. യുക്രെയിനെ ആക്രമിക്കാൻ റഷ്യ മെനഞ്ഞ ഒരു ' ഫാൾസ് ഫ്ലാഗ് ഓപ്പറേഷൻ" ആയാണ് ഇതിനെ കാണുന്നത്. ലളിതമായി പറഞ്ഞാൽ, യുക്രെയിനെ ആക്രമിക്കാൻ വിമതനേതാക്കൾ വഴി റഷ്യ ഒരു കാരണം കണ്ടെത്തുകയായിരുന്നു. യൂറോപ്പ് അടുത്തിടെ കണ്ട ഏറ്റവും ഭീകരമായ അന്തരീക്ഷത്തിന് യുക്രെയിൻ മണ്ണ് സാക്ഷിയായ നിമിഷങ്ങളിലൂടെ...

പുലരിയുടെ നടുക്കം

 യുക്രെയിൻ സമയം പുലർച്ചെ 3.30: തുറമുഖ നഗരമായ മരിയൂപോളിൽ സ്ഫോടനശബ്ദം. ആകാശത്ത് പുക ഉയരുന്നതു കണ്ടെങ്കിലും ഷെല്ലിംഗ് ആണോ റോക്കറ്റ് ആക്രമാണോ എന്ന് വ്യക്തമല്ല. കരിങ്കടൽ തീരത്ത് റഷ്യൻ അതിർത്തിയിൽ നിന്ന് 50 മൈൽ അകലെയാണ് മരിയൂപോൾ. യുക്രെയിനിലെ സ്റ്റീൽ, ധാതു കയറ്റുമതിയുടെ 50 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇവിടെ.

 4.30- അടിയന്തര യു.എൻ സുരക്ഷാസമിതി യോഗം ന്യൂയോർക്കിൽ. റഷ്യ യുദ്ധത്തിൽ നിന്ന് പിന്തിരിയണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

 5.00- കിഴക്കൻ യുക്രെയിനിലെ (ഡോൺബാസ് ) ജനങ്ങളുടെ സുരക്ഷയ്ക്ക് 'പ്രത്യേക സൈനിക നടപടി" ആരംഭിക്കുന്നതായി പുട്ടിൻ പ്രഖ്യാപിക്കുന്നു. റഷ്യൻ നടപടിയിൽ ഇടപെടാൻ ശ്രമിച്ചാൽ അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം അനന്തരഫലം അഭിമുഖീകരിക്കേണ്ടി വരുമെന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് പുട്ടിന്റെ മുന്നറിയിപ്പ്

 5.30- കീവിൽ സ്ഫോടനങ്ങൾ. പിന്നാലെ ഒഡേസയിലും കിഴക്കൻ ഡൊണെസ്കിലെ ക്രാമറ്റോർസ്കിലും വൻ സ്ഫോടനം

 6.00- പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഫോണിൽ വീഡിയോ സന്ദേശം വഴി യുക്രെയിനിൽ പട്ടാള നിയമം പ്രഖ്യാപിക്കുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾ വിജയിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. ജനങ്ങൾ വീടുകളിൽ തുടരണമെന്ന് നിർദ്ദേശം.

രാവിലെ 6.00 മുതൽ

 റഷ്യൻ പാരാട്രൂപ്പുകൾ യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിലേക്ക് പാരഷൂട്ടിൽ പറന്നിറങ്ങുന്നു

 ആക്രമണങ്ങൾ ശക്തമാകുന്നു. കീവ്, ഖാർകീവ്, നിപ്രോ എന്നിവിടങ്ങളിലെ യുക്രെയിൻ മിലിട്ടറി കമാൻഡ് കേന്ദ്രങ്ങൾ, വ്യോമതാവളം, മിലിട്ടറി ഡിപ്പോ തുടങ്ങിയവയ്ക്കു നേരെ റഷ്യൻ മിസൈൽ ആക്രമണം നടന്നതായി യുക്രെയിൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റോൺ ഗെറഷ്ചെങ്കോ അറിയിച്ചു

 അഞ്ച് റഷ്യൻ ജെറ്റുകൾ വെടിവച്ചു വീഴ്ത്തിയെന്ന് യുക്രെയിൻ. അവകാശവാദം തള്ളി റഷ്യ

 കനത്ത പീരങ്കി, ടാങ്ക്, സൈനിക ആക്രമണങ്ങൾ റഷ്യ, ബെലറൂസ്, ക്രൈമിയ അതിർത്തികളിൽ നിന്ന് തങ്ങൾക്ക് നേരെയുണ്ടായതായി യുക്രെയിനിയൻ അതിർത്തി സുരക്ഷാസേന സ്ഥിരീകരിക്കുന്നു

 യുക്രെയിനു കിഴക്കുള്ള ലുഹാൻസ്ക്, സുമി, ഖാർകീവ് എന്നിവിടങ്ങളിലെല്ലാം ആക്രമണം. വടക്ക് പോളണ്ട് അതിർത്തിക്കു സമീപം സൈറ്റോമയർ, ല്‌വൈവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു

 പടിഞ്ഞാറൻ യുക്രെയിനിലെ ഇവാനോ - ഫ്രാൻകിവ്‌സ്ക് വിമാനത്താവളത്തിനു നേരെ ക്രൂസ് മിസൈൽ ആക്രമണം

 തങ്ങളുടെ കൈവശമുള്ള ഡോൺബാസ് മേഖലയിൽ നിന്ന് പുറത്തേക്കു നീങ്ങിയ റഷ്യൻ അനുകൂല വിമതർ രണ്ടു ഗ്രാമങ്ങൾ പിടിച്ചെടുത്തു. രണ്ട് യുക്രെയിൻ ജെറ്റുകൾ വെടിവച്ചു വീഴ്ത്തിയതായി അവകാശവാദം.

 യുക്രെയിന്റെ പ്രധാന നാവികത്താവളം സ്ഥിതി ചെയ്യുന്ന ഒഡേസയിൽ സ്ഫോടനം