
മോസ്‌കോ: റഷ്യ യുക്രെയിനിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കെ, ദ്വിദിന മോസ്‌കോ സന്ദർശനം തുടരുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പരാമർശം വിവാദമായി. 'എന്തൊരു ആവേശഭരിതമായ സമയത്താണ് ഞാൻ വന്നതെ'ന്ന് തന്നെ സ്വീകരിക്കാനെത്തിയ റഷ്യൻ ഉദ്യോഗസ്ഥരോട് ഇമ്രാൻ പറയുന്നതിന്റെ ദൃശ്യങ്ങൾ പാക് മാദ്ധ്യമങ്ങൾ പങ്കുവച്ചു. രണ്ട് ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ഇമ്രാൻഖാന്റെ സന്ദർശനം. റഷ്യ യുക്രെയിനിൽ പ്രവേശിച്ചതിനുശേഷം പുടിനെ സന്ദർശിക്കുന്ന ആദ്യ വിദേശ ഭരണാധികാരിയാണ് ഇമ്രാൻ ഖാൻ. റഷ്യൻ നടപടികളോട് അനുകൂല നിലപാട് പുലർത്തുന്നതിന്റെ ഭാഗമായാണ് ഇമ്രാൻ മോസ്‌കോയിലെത്തിയതെന്നാണ് വിലയിരുത്തൽ.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ ഇമ്രാൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും, ഊർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളിലും ചർച്ച നടത്തി.
അതിനിടെ, ഇമ്രാൻഖാനെ വിമർശിച്ച് യു.എസ് രംഗത്തെത്തി. യുക്രെയിനിൽ റഷ്യ നടത്തുന്ന നടപടികൾക്കെതിരെ ശബ്ദമുയർത്താൻ ഉത്തരവാദിത്വപ്പെട്ട എല്ലാ രാജ്യങ്ങൾക്കും ബാദ്ധ്യതയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
റഷ്യ അധിനിവേശം നടത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് പാകിസ്ഥാനെ അറിയിച്ചു. യുക്രെയിനൊപ്പം നിൽക്കേണ്ടത് യു.എസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും നെഡ് പ്രൈസ് പറഞ്ഞു.