
വടക്കഞ്ചേരി: ജില്ലയിൽ കഞ്ചാവ് കടത്തൽ വർദ്ധിക്കുന്നു. വടക്കഞ്ചേരി ആമക്കുളത്ത് ഒന്നരക്കോടിയോളം രൂപയുടെ കഞ്ചാവുമായി നാല് പേർ ഇന്നലെ പിടിയിലായി. മംഗലംപാലത്തിന് സമീപം ആമക്കുളത്ത് നിന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആന്ധ്രപ്രദേശിൽ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന 191.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പാലക്കാട് എലപ്പുളി പാറ ശ്രീനിലയത്തിൽ ശിവകുമാർ (45), പട്ടാമ്പി കൂടല്ലൂർ മണിയം പെരുമ്പലം രാജേഷ് (41), തൃശൂർ നെടുപുഴ മന്ദത്ത് വീട്ടിൽ അമർജിത്ത് (28), തൃശൂർ വടൂക്കര പള്ളത്ത് വീട്ടിൽ ഷെറിൻ (34) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11-നാണ് സംഭവം. എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് മേധാവി സി.ഐ ടി.അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സൈലോ വാഹനത്തിൽ 44 കെട്ടുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വേലന്താവളം വഴി സംസ്ഥാന അതിർത്തി കടന്നത് മുതൽ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ആന്ധ്രയിൽ നിന്നും വാടകക്കെടുത്ത ടാക്സി കാറിൽ പ്രതികളിലൊരാളായ ശിവകുമാർ മുന്നിൽ സഞ്ചരിച്ചാണ് കഞ്ചാവ് കടത്തിന് നേതൃത്വം നൽകിയത്. കഞ്ചാവുണ്ടായിരുന്ന സൈലോ കാർ എക്‌സൈസ് പിടിച്ച വിവരമറിയാതെ മുന്നിൽ നിന്നും ഫോണിലൂടെ വഴി നിയന്ത്രിക്കുന്നതിനിടെ ശിവകുമാറിനെ നാട്ടുകാരുടെ സഹായത്തോടെ പിടിക്കുകയായിരുന്നു.
ആന്ധ്രയിലെ നക്സൽ മേഖലയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. ശിവകുമാറാണ് ഇതിന് നേതൃത്വം കൊടുത്തത്. ഇയാൾക്ക് ആന്ധ്രയിൽ കഞ്ചാവ് കൃഷിയിൽ പങ്കുണ്ടെന്നാണ് വിവരം. ശിവകുമാറിനെതിരെ ഇതിനുമുമ്പും കഞ്ചാവ് കടത്തിയതിന് കേസുണ്ട്. ഒരുവർഷം മുമ്പ് വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ വച്ച് മാങ്ങലോറിയിൽ 150 കിലോയോളം കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ഒന്നരക്കോടിയോളം രൂപ വിലവരും. എന്നാൽ ഇത് ചില്ലറയായി വിറ്റഴിക്കുമ്പോൾ രണ്ടര മുതൽ മൂന്ന് കോടി രൂപ വരെ വിലലഭിക്കും.
പിടിച്ചെടുത്ത കഞ്ചാവും കാറും പ്രതികളെയും ആലത്തൂർ എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് മേധാവി ടി.അനികുമാറിന് പുറമെ സി.ഐ ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്കുമാർ, ടി.ആർ.മുകേഷ്‌കുമാർ, എസ്.മധുസൂധനൻനായർ പ്രിവന്റീവ് ഓഫീസർ പ്രജോഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദാലി, സുബിൻ, രാജേഷ്, ഷംനാദ്, ബസന്ത്, അരുൺകുമാർ, രാജീവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.