ranji-trophy

രാജ്കോട്ട്: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് മോശം തുടക്കം. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് കളി അവസാനിക്കുമ്പോൾ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എടുത്തിട്ടുണ്ട്. ഹെത്തിന്റെയും കരൺ പട്ടേലിന്റെയും സെഞ്ചുറികളാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. ഹെത്ത് 146ഉം കരൺ 120ഉം റണ്ണെടുത്തു. ഇന്നത്തെ കളി അവസാനിപ്പിക്കുമ്പോൾ ഹെത്തിനൊപ്പം ഒൻപത് റണ്ണുമായി ആർ ബി കലാരിയ ആണ് ക്രീസിൽ.

കേരളത്തിന് വേണ്ടി എം ഡി നിതീഷ് ബൗളിംഗിൽ തിളങ്ങി. 18 ഓവറിൽ 30 റൺ വിട്ടുനൽകി നാല് വിക്കറ്റെടുത്ത നിതീഷിന് ബേസിൽ തമ്പിയും ഏഥൻ ആപ്പിൾ ടോമും മികച്ച പിന്തുണ നൽകി. ഇരുവരും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന് സ്വപ്നതുല്ല്യമായ തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ഗുജറാത്ത് ഓപ്പണർ കാതൻ പട്ടേലിന്റെ വിക്കറ്റ് വീഴ്ത്തിയ നിതീഷ്, സ്കോർ 12ൽ എത്തിയപ്പോൾ ക്യാപ്ടൻ മെരായിയേയും പുറത്താക്കി. ഇരുവർക്കും റണ്ണൊന്നും എടുക്കാൻ സാധിച്ചില്ല. സ്കോർ 33ൽ എത്തിയപ്പോൾ 25 റണ്ണെടുത്ത ഓപ്പണർ ചൗഹാനും മൂന്ന് റണ്ണെടുത്ത ജുനേജയും പുറത്തായി. ഏഥൻ ആപ്പിൾ ടോമിനും ബേസിൽ തമ്പിക്കുമായിരുന്നു വിക്കറ്റുകൾ. അധികം വൈകാതെ ഉമാംഗിനെ നിതാഷ് പുറത്താക്കിയതോടെ 90-5 എന്ന നിലയിൽ ഗുജറാത്ത് പരുങ്ങി. അവിടെ നിന്ന് 234 റണ്ണിന്റെ ആറാം വിക്കറ്റ് പടുത്തുയർത്തിയ ഹെത്തും കരൺ പട്ടേലും ചേർന്നാണ് ഗുജറാത്തിനെ കരകയറ്റിയത്. കരൺ പട്ടേലിനെ നിതീഷ് പുറത്താക്കി.