
കീവ് : .യുക്രെയിനിൽ ആക്രമണം നടത്തിയ റഷ്യൻ സൈന്യം തലസ്ഥാനമായ കീവിലേക്ക് എത്തിയതായി റിപ്പോർട്ട്. യുക്രേനിയൻ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള കണക്കനുസരിച്ച് സൈനികരും സാധാരണക്കാരും ഉൾപ്പെടെ കുറഞ്ഞത് 68 പേർ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ ഒഡെസയ്ക്ക് സമീപമുള്ള സൈനിക താവളത്തിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിലടക്കം നടന്ന മിസൈലാക്രമണത്തിൽ നൂറിലേറെ മരണം നടന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
റഷ്യൻ പ്രസിഡന്റ് പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും ബോംബാക്രമണം നടന്നു. യുക്രെയിന്റെ ഇന്റലിജൻസ് ആസ്ഥാനവും തകർത്തു. കര-നാവിക വ്യോമമാർഗങ്ങളെല്ലാം ആക്രമണത്തിനുപയോഗിക്കുകയാണ് പുടിൻ
അതേസമയം റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് വ്യക്തമാക്കിയ നാറ്റോയുടെ നടപടി യുക്രെയിനെ വെട്ടിലാക്കി. നാറ്റോയും അമേരിക്കയും സഹായിക്കുമെന്നാണ് യുക്രെയിൻ പ്രതീക്ഷിച്ചിരുന്നത്. അതേസമയം നാറ്റോ അംഗരാജ്യങ്ങൾക്ക് സ്വന്തം നിലയ്ക്ക് സഹായിക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു. സൈനിക നടപടി റഷ്യ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു . അതേസമയം യുക്രെയിന് സൈനിക സഹായം നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. അതേസമയം ബാഹ്യശക്തികൾ ഇടപെട്ടാൽ പ്രത്യാക്രമണം രൂക്ഷമായിരിക്കുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്.
ഇതിനിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിലെത്തി പുടിനെ സന്ദർശിച്ചത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അമ്പരപ്പിച്ചു. റഷ്യയുടേത് അധിനിവേശമായി കണക്കാക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്