f

കിഴക്കമ്പലം: ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈ​റ്റ് ചലഞ്ച് പദ്ധതി എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടിമറിക്കുന്നതായി ആരോപിച്ച് വീടുകളിൽ ലൈ​റ്റുകളണച്ച് പ്രതിഷേധിക്കുന്നതിനിടെ സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റ് ട്വന്റി 20 പ്രവർത്തകൻ മരിച്ച കേസിൽ പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചൊവ്വാഴ്ച പ്രതികളായ ചേലക്കുളം കാവുങ്ങപറമ്പ് വലിയപറമ്പിൽ അസീസ് (42), പാറാട്ട് വീയൂട്ട് അബ്ദുൾ റഹ്മാൻ (36), പാറാട്ട് സൈനുദ്ദീൻ (27), നെടുങ്ങാട്ട് ബഷീർ (36) എന്നിവരെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കൊല്ലപ്പെട്ട കാവുങ്ങപറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു(38)വിന്റെ വീടിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ തെളിവെടുപ്പിനായി ഇവരെ കനത്ത കാവലിൽ എത്തിച്ചു. കൃത്യം നടന്ന സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. ഇന്നലെ ദീപുവിന്റെ സഞ്ചയന ദിവസമായിരുന്നതിനാൽ ബന്ധുക്കളടക്കം നിരവധിപ്പേർ വീട്ടിലുണ്ടായിരുന്നു. പ്രതികളെ പൊലീസ് ജീപ്പിൽ എത്തിച്ചതോടെ പ്രതിഷേധവുമായി ഇവർ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ, കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി.ഷാജൻ എന്നിവരാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.