
കോഴിക്കോട് : സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ കടവ് സച്ചിൻ (22) മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23) എന്നിവരെയാണ് ചേവായൂർ പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ജയിംസിന്റെ നേതൃത്വത്തിൽ പൂളക്കടവ് ചിൽഡ്രൻസ് പാർക്കിനടുത്ത് നിന്ന് പിടികൂടിയത്. ഇവരിൽ നിന്നും വിൽപനക്കായി കൊണ്ടുവന്ന 3.25 ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി എ.വി. ജോർജ്ജിന്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു. ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യംവെച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം.ഡി.എം.എ പോലുള്ള മാരക ലഹരി മരുന്നുകൾ എത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപയ്ക്ക് വരെയാണ് വിൽപ്പന നടത്തുന്ന തെന്നും മറ്റു ലഹരി വസ്തുക്കളെ അപേക്ഷിച്ച് കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് എം.ഡി.എം.എ യുടെ കച്ചവടം നടത്തുന്നതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. വിൽപനക്കായി പ്രതികൾക്ക് മയക്കുമരുന്ന് നൽകിയവരെ കുറിച്ച് വ്യക്തമായ ലഭിച്ചതായും ഇവരെ കേന്ദ്രീകരിച്ച് വിശദമായി അന്വേഷിക്കുമെന്നും ചേവായൂർ ഇൻസ്‌പെക്ടർ ചന്ദ്രമോഹനൻ പറഞ്ഞു. ചേവായൂർ സബ്ബ് ഇൻസ്‌പെക്ടർ ഷബീബ് റഹ്മാൻ,എ.എസ്.ഐ ഷാജി,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ ശ്രീരാഗ് , രാജീവൻ പാലത്ത്, ജോമോൻ കെ.എ, സുമേഷ്,സിവിൽ പൊലീസ് ഓഫീസർ അരവിന്ദ് പയിമ്പ്ര,ഹോം ഗാർഡ് മാരായ അനിൽകുമാർ , ജയരാജൻ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.