
കോഴിക്കോട്: കെട്ടിട പെർമിറ്റിന് 20000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മലപ്പുറം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി പി.നവാസിനെ കോഴിക്കോട് വിജിലൻസ് കോടതി 3 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
ചുങ്കത്തറ സ്വദേശി ബേബി ചുങ്കത്തറയിൽ നിർമ്മിക്കുന്ന കെട്ടിടത്തിനുള്ള പെർമിറ്റിനു വേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബേബി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോൾ കടമുറിയ്ക്ക് പെർമിറ്റ് നൽകണമെങ്കിൽ 2,50,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു, തുടർന്ന് ഇത്രയും തുക നൽകാൻ നിർവാഹമില്ലെന്നു അറിയിച്ചതിനെ തുടർന്ന് 20000 രൂപയാക്കി കൈക്കൂലി തുക കുറച്ചു. പരാതിക്കാരനായ ബേബി ഇക്കാര്യം മലപ്പുറം വിജിലൻസ് ഡിവൈ. എസ്.പി അബ്ദുൽ ഹമീദിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി 2008 മാർച്ച് 26 ന് ഓഫീസ് പരിസരത്ത് വച്ച് 20000 രൂപ കൈക്കൂലി വാങ്ങവെ നവാസിനെ കൈയോടെ പിടികൂടുകയാണുണ്ടായത്. ഇൻസ്‌പെക്ടർമാരായ ജ്യോതികുമാർ, കെ.എൽ രാധാകൃഷ്ണൻ എന്നിവർ വിജിലൻസ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. കെ.ഷൈലജൻ ഹാജരായി.