kk

മോസ്കോ: യുക്രെയിനു മേൽ റഷ്യ ആക്രമണം കടുപ്പിച്ചത് ക്രൂസ് മിസൈലുകളിലൂടെ. യുക്രെയിനിലെ ഇവാനോ - ഫ്രാങ്കി‌വ്സ്കിനെ ലക്ഷ്യമാക്കിയത് റഷ്യയുടെ കാലിബ്‌ർ ക്രൂസ് മിസൈലുകളാണെന്നാണ് പ്രാഥമിക വിവരം. ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിന്റെ ഭാഗമായി. റഷ്യൻ മിലിട്ടറിയുടെ അത്യാധുനിക ആയുധ സംവിധാനങ്ങൾ പലതും യുക്രെയിൻ ആക്രമണത്തിനായി നേരത്തേ തന്നെ അതിർത്തിയിൽ തയ്യറായിരുന്നു. കാലിബ്‌ർ മിസൈൽ കടലിൽ നിന്നും, കരുത്തുറ്റ ഇസ്കൻഡർ ബാലിസ്റ്റിക് മിസൈൽ ഭൂതലത്തിൽ നിന്നും വിക്ഷേപിച്ചിരിക്കാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ബി.എം - 30 സ്മെർഷ് റോക്കറ്റ്, കെ.എച്ച് - 31 ആന്റി റഡാർ മിസൈലുകൾ, ഗ്രാഡ് റോക്കറ്റുകൾ തുടങ്ങിയവ റഷ്യ ഉപയോഗിച്ചതായാണ് സൂചന. ഇസ്കൻഡർ ഉൾപ്പെടെയുള്ള ഷോർട്ട് റേഞ്ച് മിസൈലുകളും ആക്രമണത്തിന്റെ തുടക്കത്തിൽ റഷ്യ ഉപയോഗിച്ചു. വ്യോമസേനയുടെ വലിയ നിര ആവശ്യമില്ലാതെ തന്നെ യുക്രെയിനെ ആകാശത്തു നിന്ന് വളയാൻ റഷ്യയുടെ ഈ അത്യാധുനിക ഉപകരണങ്ങൾക്ക് സാധിച്ചു. രകുഷ്‌ക കവചിത വാഹനം, ഉറാഗൻ എം റോക്കറ്റ് ലോഞ്ചർ എന്നിവയും റഷ്യൻ സേനയുടെ കരുത്തുറ്റ ആയുധങ്ങളിലുണ്ട്.

യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും വ്യോമത്താവളങ്ങളെയും ആദ്യമേ തകർത്തതാണ് റഷ്യ പ്രയോഗിച്ച ആദ്യ തന്ത്രം. ഇതിലൂടെ റഷ്യ കരമാർഗം നടത്തുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിൽ നിന്ന് യുക്രെയിൻ വ്യോമസേനയെ തടഞ്ഞു. ഇവ തകർത്തതിനു പിന്നാലെയാണ് റഷ്യൻ യുദ്ധവിമാനങ്ങൾ യുക്രെയിനിയൻ വ്യോമപാതയിൽ നിറഞ്ഞതും. മുൻകാലങ്ങളിൽ യു.എസ് യുദ്ധവേളയിൽ ഇതേ തന്ത്രങ്ങൾ പ്രയോഗിച്ചിരുന്നു.

അതേ സമയം, ഏറ്റവും ഭീകരമായ തെർമോബാറിക് ആയുധങ്ങൾ റഷ്യ ഇതുവരെ പുറത്തെടുത്തിട്ടില്ല. TOS - 1 ബുറാറ്റിനോ, TOS - 1A സോൾറ്റ്‌സെപെക് എന്നിവ റഷ്യയുടെ അതിമാരക ആയുധശേഖരങ്ങളിൽപ്പെടുന്നു. ഇവ യുക്രെയിനു നേരെ റഷ്യ ഉപയോഗിച്ചേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇവ അതിർത്തിയിൽ റഷ്യ വിന്യസിച്ചതായി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ലക്ഷ്യസ്ഥാനത്തെ ചാരമാക്കാൻ ശേഷിയുള്ളവയാണ് ഇവ.