
മോസ്കോ: റഷ്യ യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റിയേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ചേർന്ന യുവേഫയുടെ അടിയന്തര യോഗം എടുത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള പുതിയ വേദിയേതെന്ന് നാളെ യുവേഫ ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏതാനും ആഴ്ചകളായി ഫൈനൽ വേദി മാറ്റുന്നതിനെ കുറിച്ച് യുവേഫയുടെ ഉള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഫൈനൽ വേദിയായ സെന്റ് പീറ്റേഴ്സ്ബർഗിൽ യുദ്ധ അന്തരീക്ഷം ഇല്ലെങ്കിലും യുദ്ധരംഗത്തുള്ള ഒരു രാജ്യത്ത് മത്സരം സംഘടിപ്പിച്ചാൽ ടീമുകൾക്കും മറ്റ് ആരാധകർക്കും അവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുമോ എന്ന് യുവേഫ സംശയിക്കുന്നുണ്ട്.
ഫൈനൽ വേദി മാറ്റിവയ്ക്കുന്നതിനെ കുറിച്ച് യുവേഫ ഇതുവരെയായും ഔദ്യോഗികമായി ഒരിടത്തും പ്രതികരിച്ചിട്ടില്ല. മത്സരവേദി മാറ്റുന്നത് ഏതെങ്കിലും രാജ്യത്തോടുള്ള യുവേഫയുടെ എതിർപ്പായി കാണരുതെന്നും സുഗമമായി ഫുട്ബാൾ മത്സരം നടത്തുന്നതിനാണ് യുവേഫയുടെ പ്രഥമ പരിഗണനയെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.