
ആദ്യ ട്വന്റി-20യിൽ ശ്രീലങ്കയെ 62 റൺസിന് തോൽപ്പിച്ച് ഇന്ത്യ
ഇന്ത്യ 199/2, ലങ്ക 137/6
ഇഷാൻ കിഷൻ 56 പന്തിൽ 89, ശ്രേയസ് 57*, രോഹിത് 44
ലക്നൗ : ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ ക്രിക്കറ്റ് ആദ്യ മത്സരത്തിൽ 62 റൺസിന്റെ വിജയം കുറിച്ച് ഇന്ത്യ. ഇന്നലെ ലക്നൗവിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസടിച്ചപ്പോൾ ലങ്കയുടെ മറുപടി 137/6ൽ ഒതുങ്ങുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷനും (56 പന്തിൽ 89 റൺസ്),ശ്രേയസ് അയ്യരും (28 പന്തുകളിൽ പുറത്താകാതെ 57 റൺസ്),രോഹിത് ശർമ്മയും (32 പന്തുകളിൽ 44 റൺസ്) ചേർന്ന് തകർത്തടിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസണിന് ബാറ്റിംഗിനിറങ്ങാൻ അവസരം ലഭിച്ചില്ല.
ഇടിവെട്ടായി ഇഷാൻ
രോഹിതും ഇഷാനും ചേർന്നാണ് ഓപ്പണിംഗിനിറങ്ങിയത്. രോഹിത് കളമുറപ്പിക്കവേ ഇഷാൻ ആക്രമണം തുടങ്ങിയിരുന്നു. തുടർച്ചയായി ബൗണ്ടറികൾ പായിച്ച് വീര്യം കാട്ടിയ ഇഷാൻ ആറാം ഓവറിൽ ഇന്ത്യയെ 50 കടത്തി. തന്റെ ഒൻപതാമത്തെ ട്വന്റി-20 മത്സരത്തിൽ രണ്ടാം അർദ്ധസെഞ്ച്വറിയിലെത്താൻ ഇഷാന് 30 പന്തുകളേ വേണ്ടിവന്നുള്ളൂ. ആദ്യ പത്തോവറിൽ ഇന്ത്യ 98 റൺസിലെത്തിയിരുന്നു.ടീം സ്കോർ 111ൽ എത്തിയപ്പോഴാണ് ഓപ്പണർമാർ വേർപിരിഞ്ഞത്. 32 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 44 റൺസടിച്ച രോഹിതിനെ 12-ാം ഓവറിൽ കുമാര ക്ളീൻ ബൗൾഡാക്കുകയായിരുന്നു.
സഞ്ജുവിന് സ്ഥാനമില്ല
ഇഷാൻ ഒൗട്ടായപ്പോൾ സഞ്ജുവിനെ പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തി ശ്രേയസ് അയ്യരെ കളത്തിലിറക്കുകയായിരുന്നു. ശ്രേയസാകട്ടെ താളം കണ്ടെത്തി കത്തിക്കയറുകയും ചെയ്തു. സെഞ്ച്വറിയിലേക്ക് കുതിച്ച ഇഷാൻ 17-ാം ഓവറിൽ തന്റെ കരിയർ ബെസ്റ്റ് സ്കോറായ 89ൽ വച്ച് ഉയർത്തിയടിച്ച് ക്യാച്ച് നൽകി മടങ്ങി. നേരത്തേ ഒരു ലൈഫ് ലഭിച്ചിരുന്ന ഇഷാൻ 56 പന്തുകളിൽ പത്ത് ബൗണ്ടറികളും മൂന്ന് സിക്സും പായിച്ചിരുന്നു. നാലാമനായും സഞ്ജുവിന് അവസരം ലഭിച്ചില്ല. ഇഷാന് പകരം ജഡേജയാണ് കളത്തിലിറങ്ങിയത്. ജഡേജയെ കൂട്ടുനിറുത്തി ശ്രേയസ് അവസാന ഓവറുകളിൽ തകർത്താടുകയായിരുന്നു. 28 പന്തുകൾ നേരിട്ട ശ്രേയസ് അഞ്ചുഫോറും രണ്ട് സിക്സും പറത്തിയാണ് തന്റെ നാലാം ട്വന്റി-20 അർദ്ധസെഞ്ച്വറി കുറിച്ചത്.ജഡേജ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.
തരിപ്പണമായി ലങ്ക
മറുപടിക്കിറങ്ങിയ ലങ്കയുടെ ഓപ്പണർ പാത്തും നിസംഗയെ ആദ്യ പന്തിൽത്തന്നെ ക്ളീൻ ബൗൾഡാക്കി ഭുവനേശ്വർ ബൗളിംഗിലും ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകി. മൂന്നാം ഓവറിന്റെ അവസാന പന്തിൽ സഹ ഓപ്പണർ കാമിൽ മിഷാരയെയും (13) ഭുവി മടക്കി അയച്ചു. രോഹിതിനായിരുന്നു ക്യാച്ച്.തുടർന്ന് വരിവരിയായി ലങ്കൻ വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടിരുന്നു. ഏഴാം ഓവറിൽ വെങ്കിടേഷ് അയ്യരുടെ പന്തിൽ ജനിത് ലിയനാഗെയെ സഞ്ജു സുന്ദരമായ ഒരു ക്യാച്ചിലൂടെ പറഞ്ഞുവിട്ടപ്പോൾ 36 റൺസായിരുന്നു ലങ്കയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. തുടർന്ന് ചരിത് അസലങ്ക ഒരറ്റത്ത് പിടിച്ചുനിൽക്കവേ ദിനേഷ് ചാന്ദീമൽ (10) ദാസുൻ ഷനക (3),കരുണരത്നെ(21) എന്നിവരും കൂടാരം കയറിയപ്പോഴേക്കും ലങ്കയുടെ തോൽവി ഉറപ്പായി. കളി അവസാനിക്കുമ്പോൾ അസലങ്ക 53 റൺസുമായും ചമീര 24 റൺസുമായും പുറത്താകാതെ നിന്നു.
ആറുമാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. ദീപക് ഹൂഡ ട്വന്റി-20 അരങ്ങേറ്റം കുറിച്ചു.മൂന്നോവർ എറിഞ്ഞ ദീപക് 24വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധർമ്മശാലയിൽ നടക്കും.