
ലക്‌നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി ട്വന്റിയിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 199 റണ്ണെടുത്തു. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്ത ഓപ്പണർ ഇഷാൻ കിഷന്റെ കടന്നാക്രമണമാണ് ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. 56 പന്തിൽ നിന്ന് 89 റണ്ണെടുത്ത ഇഷാൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. 32 പന്തിൽ 44 റണ്ണെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയും 28 പന്തിൽ 57 റണ്ണെടുത്ത ശ്രേയസ് അയ്യറും ഇഷാന് മികച്ച പിന്തുണ നൽകി.
മലയാളി താരം സഞ്ജു സാംസണിന് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല. തുടക്കത്തിൽ ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനത്തായിരുന്ന സഞ്ജുവിന് പകരം അവസാന നിമിഷം രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനകയറ്റം നൽകുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ പന്തെറിഞ്ഞ എല്ലാവർക്കും കണക്കിന് തല്ല് കിട്ടി. നാല് ഓവറിൽ 34 വിട്ടുകൊടുത്ത ജെഫ്രി വാൻഡർസെയാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ലഹിരു കുമാരയും ദസുൻ ശനാകയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.