pvl

ഹൈദരാബാദ്: ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പ്രൈം വോളിബാൾ ലീഗിന്റെ ആദ്യ സെമിഫൈനലിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ 3-1ന് തോൽപ്പിച്ച് അഹമ്മദാബാദ് ഡിഫൻഡേഴ്സ് ഫൈനലിൽ കടന്നു. സ്‌കോർ: 15-13, 15-12, 9-15, 15-12. കൊൽക്കത്ത തണ്ടർബോൾട്ട്സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള രണ്ടാം സെമി മത്സരത്തിലെ വിജയികളെ ഡിഫൻഡേഴ്സ് ഫൈനലിൽ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം. സ്‌പൈക്കുകളുമായി കളം നിറഞ്ഞ അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ ഷോൺ ടി ജോൺ ആണ് അഹമ്മദാബാദിന്റ വിജയശില്പി.

ആദ്യ സെറ്റിൽ ഷോൺ ടി ജോണിന്റെ സ്‌പൈക്കുകളിലൂടെ അഹമ്മദാബാദ് 10-8ന്റെ ലീഡ് എടുത്തിരുന്നു. എന്നാൽ എസ് വി ഗുരു പ്രശാന്തിന്റെ സ്‌പൈക്കിലൂടെ ഒരു സൂപ്പർ പൊയിന്റ് നേടിയ ബ്ലാക്ക് ഹോക്സ് സ്‌കോർ 10-10ൽ സമനിലയിലാക്കി. എന്നാൽ ആധിപത്യം തുടർന്ന അഹമ്മദാബാദ് ഒടുവിൽ 15-13ന് ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു.

രണ്ടാം സെറ്റിലും അഹമ്മദാബാദ് 9-7ന്റെ ലീഡ് തുടക്കത്തിൽ സ്വന്തമാക്കിയിരുന്നു. ലീഡ് നിലനിർത്തിയ അഹമ്മദാബാദ് രണ്ടാം സെറ്റ് 15-12ന് സ്വന്തമാക്കി. മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചുവന്ന ഹൈദരാബാദ് 15-9ന് മൂന്നാം സെറ്റ് നേടി. എന്നാൽ

നാലാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം 15-12ന് അഹമ്മദാബാദ് സെററും മത്സരവും സ്വന്തമാക്കി.