
മാഞ്ചസ്റ്റർ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് വേദനയേറിയതും ദുരിതപൂർണവുമായ മരണം ആശംസിച്ച് മാഞ്ചസ്റ്റർ സിറ്റി ഫുട്ബാൾ താരവും യുക്രെയിൻ ദേശീയ ടീമിന്റെ മുൻ ക്യാപ്ടനുമായ ഒലക്‌സാന്ദർ സിഞ്ചെങ്കോ. എന്നാൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറി സമൂഹമാദ്ധ്യമം ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന് സിഞ്ചെങ്കോ ആരോപിച്ചു. 'ലോകത്തിലെ എറ്റവും വേദനയേറിയതും ദുരിതപൂർണവുമായ മരണം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു, ജന്തു' എന്ന ക്യാപ്ഷനു താഴെ പുടിന്റെ പടവും ആയിട്ടായിരുന്നു സിഞ്ചെങ്കോയുടെ സ്റ്റോറി.
എന്നാൽ തന്റെ സ്റ്റോറി ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്തെന്ന് ആരോപിച്ച് സിഞ്ചെങ്കോ മറ്റൊരു സ്റ്റോറി ഇടുകയായിരുന്നു. യുക്രെയിൻ ഭാഷയിലായിരുന്നു സിഞ്ചെങ്കോയുടെ സ്റ്റോറി.
ഇതിന് മുമ്പ് റഷ്യ യുക്രെയിനെതിരായ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പ്രവിശ്യകൾ സ്വതന്ത്രമായി പ്രഖ്യാപിച്ച അവസരത്തിലും സിഞ്ചെങ്കോ പുടിന് എതിരെ പ്രതികരണവുമായി എത്തിയിരുന്നു. തന്റെ രാജ്യത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് യുക്രെയിൻ ജനതയാണ് റഷ്യക്കാർക്ക് അതിൽ ഒരു പങ്കുമില്ലെന്ന് സിഞ്ചെങ്കോ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ലോകത്തെ സംസ്കാരസമ്പന്നരായ എല്ലാ രാഷ്ട്രങ്ങളും തന്റെ രാജ്യമായ യുക്രെയിനോട് ഒപ്പം നിൽക്കുമ്പോൾ തനിക്ക് മിണ്ടാതെ ഇരിക്കാൻ സാദ്ധ്യമല്ലെന്ന് കഴിഞ്ഞ ദിവസം സിഞ്ചെങ്കോ സൂചിപ്പിച്ചിരുന്നു.
അതേസമയം റഷ്യ യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ചേർന്ന യുവേഫയുടെ അടിയന്തര യോഗം എടുത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള പുതിയ വേദിയേതെന്ന് നാളെ യുവേഫ ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏതാനും ആഴ്ചകളായി ഫൈനൽ വേദി മാറ്റുന്നതിനെ കുറിച്ച് യുവേഫയുടെ ഉള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഫൈനൽ വേദിയായ സെന്റ് പീറ്റേഴ്സ്ബർഗിൽ യുദ്ധ അന്തരീക്ഷം ഇല്ലെങ്കിലും യുദ്ധരംഗത്തുള്ള ഒരു രാജ്യത്ത് മത്സരം സംഘടിപ്പിച്ചാൽ ടീമുകൾക്കും മറ്റ് ആരാധകർക്കും അവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുമോ എന്ന് യുവേഫ സംശയിക്കുന്നുണ്ട്. ഫൈനൽ വേദി മാറ്റിവയ്ക്കുന്നതിനെ കുറിച്ച് യുവേഫ ഇതുവരെയായും ഔദ്യോഗികമായി ഒരിടത്തും പ്രതികരിച്ചിട്ടില്ല.
മത്സരവേദി മാറ്റുന്നത് ഏതെങ്കിലും രാജ്യത്തോടുള്ള യുവേഫയുടെ എതിർപ്പായി കാണരുതെന്നും സുഗമമായി ഫുട്ബാൾ മത്സരം നടത്തുന്നതിനാണ് യുവേഫയുടെ പ്രഥമ പരിഗണനയെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.