india-cricket

ലക്‌നൗ: ടി ട്വന്റി ക്രിക്കറ്രിലെ തുടർച്ചയായ പത്താം ജയം ആഘോഷമാക്കി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി ട്വന്റിയിൽ സമ്പൂർണ ആധിപത്യവുമായി കളം നിറഞ്ഞ് കളിച്ച ഇന്ത്യ 62 റൺസിന്റെ വമ്പൻ ജയം കരസ്ഥമാക്കി. ആദ്യം ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ കൂറ്റൻ സ്കോർ പടുത്തുയർത്തിയ ഇന്ത്യ, ഭുവനേശ്വർ കുമാറിന്റെയും വെങ്കിടേഷ് അയ്യറിന്റെയും മികച്ച ബൗളിംഗിലൂടെ ശ്രീലങ്കയെ വരിഞ്ഞുമുറുക്കുകയായിരുന്നു.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിൽ നിശ്ചിത 20 ഓവറിൽ 199 റണ്ണെടുത്തു. കൂറ്റൻ വിജയലക്ഷ്യവും പിന്തുർന്ന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ.

Milestone 🔔 - Captain @ImRo45 now sits atop the leading run-scorer in T20Is list 👏👏#TeamIndia pic.twitter.com/4SzIDCXuTM

— BCCI (@BCCI) February 24, 2022

53 റണ്ണുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ്വർ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യുസ്‌വേന്ദ്ര ചഹലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഓപ്പണർ ഇഷാൻ കിഷന്റെ കടന്നാക്രമണമാണ് ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. 56 പന്തിൽ നിന്ന് 89 റണ്ണെടുത്ത ഇഷാൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. 32 പന്തിൽ 44 റണ്ണെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയും 28 പന്തിൽ 57 റണ്ണെടുത്ത ശ്രേയസ് അയ്യറും ഇഷാന് മികച്ച പിന്തുണ നൽകി.

മലയാളി താരം സഞ്ജു സാംസണിന് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല. തുടക്കത്തിൽ ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനത്തായിരുന്ന സഞ്ജുവിന് പകരം അവസാന നിമിഷം രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനകയറ്റം നൽകുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ പന്തെറിഞ്ഞ എല്ലാവർക്കും കണക്കിന് തല്ല് കിട്ടി. നാല് ഓവറിൽ 34 വിട്ടുകൊടുത്ത ജെഫ്രി വാൻ‌ഡ‌ർസെയാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ലഹിരു കുമാരയും ദസുൻ ശനാകയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.