representational-image

 2018ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒരു പ്രഖ്യാപനം നടത്തി: ലോകത്ത് തന്ത്രപ്രധാനമായ ശക്തിയായി റഷ്യ മാറും. അന്ന് പുട്ടിൻ പ്രഖ്യാപിച്ച പുതുതലമുറ ആയുധങ്ങളിൽ ഉൾപ്പെടുന്നവയാണ് പോസിഡോണും സിർകോണും...

മോസ്കോ: യുക്രെയിനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ വീണ്ടുമൊരു മഹായുദ്ധത്തിലേക്ക് ലോകം വഴുതി വീഴുമോയെന്ന ആശങ്ക ആളിപ്പടരുകയാണ്. റഷ്യയുടെ സൈനിക ശക്തി തന്നെയാണ് ഈ ആശങ്കകളുടെയെല്ലാം അടിത്തറ.

മറ്റൊരു രാജ്യത്തിനും വെല്ലാൻ കഴിയാത്തത്ര അതിമാരകമായതും എന്തിനെയും തകർത്ത് തരിപ്പണമാക്കാനും ശേഷിയുള്ള അപകടകാരികളായ ആയുധങ്ങളാണ് റഷ്യയുടെ പക്കലുള്ളത്. ഇതിൽ ലോകത്തിന് അറിവുള്ളതും ഇല്ലാത്തതുമായവ ഉണ്ട്.

പുറംലോകത്തിന് പോലും വളരെ പരിമിതമായ അറിവുമാത്രമുള്ള ഇവയിൽ പലതും റഷ്യ ഇതുവരെ പുറത്തെടുത്തിട്ടില്ല. ലോകം ഒരുനിമിഷം കൊണ്ട് ഭസ്മമാക്കാൻ ശേഷിയുള്ള ആണവായുധങ്ങളുടെ ശേഖരമാണ് ഇതിൽ പ്രധാനം. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ അമേരിക്കയുടെയോ നാറ്റോയുടെയോ ഭാഗത്ത് നിന്ന് പ്രകോപനപരമായ സാഹചര്യമുണ്ടായാൽ തിരിച്ചടിക്കാൻ ഒരു പക്ഷേ റഷ്യ ഈ ആണവായുധങ്ങൾ പ്രയോഗിച്ചേക്കുമോ എന്ന ഭയം വിദഗ്ദ്ധർ പങ്കുവയ്ക്കുന്നു. ഇതിൽ അമേരിക്ക പോലും ഭയക്കുന്ന അതീവ വിനാശകാരികളായ രണ്ട് ആയുധങ്ങളാണ് ബെൽഗൊറോഡും പോസിഡോണും. !

ബെൽഗൊറോഡ്

640 അടിയിലേറെ വലിപ്പമുള്ള കൂറ്റൻ അന്തർവാഹിനിയാണ് റഷ്യയുടെ ' ബെൽഗൊറോഡ് ". ഓസ്കാർ II ക്ലാസിലുള്ള ബെൽഗൊറോഡ് 2019 ഏപ്രിലിൽ റഷ്യ അവതരിപ്പിച്ചത്. റഷ്യൻ നാവികസേനയിലേക്ക് ഇവയെ 2020ന്റെ അവസാനത്തോടെ ഒദ്യോഗികമായി കമ്മിഷൻ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, ബെൽഗൊറോഡിന്റെ കടലിലെ പരീക്ഷണങ്ങൾ ആരംഭിച്ചത് കഴിഞ്ഞ വർഷം ജൂണിലാണ്. റഷ്യൻ നാവികസേനയുടെ നേതൃത്വത്തിൽ ടോർപിഡോകളുടെ ഉൾപ്പെടെ ഗവേഷണങ്ങൾ തുറന്ന കടലിൽ വച്ച് ബെൽഗൊറോഡിൽ നടത്തിയിരുന്നു.

റഷ്യൻ നേവിയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള ബെൽഗൊറോഡിന്റെ നിർണായക പരീക്ഷണങ്ങളായിരുന്നു അത്. ഇതിന് ശേഷം ഒക്ടോബറിൽ ഡ്രൈ ഡോക്കിലേക്ക് മടങ്ങിയിരുന്നു. 2022 വേനൽക്കാലത്ത് ബെൽഗൊറോഡിനെ നേവിയുടെ ഭാഗമാക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു. വിമാനവാഹിനി കപ്പലുകളെ നിഷ്പ്രയാസം മുക്കാൻ ശേഷിയുള്ള ബെൽഗൊറോഡിനെ ' സിറ്റി കില്ലർ " എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, കടലിൽ നിന്ന് ബെൽഗൊറോഡ് ഒരു ആക്രമണം നടത്തിയാൽ വാഷിംഗ്ടൺ സിറ്റിയെ തകർക്കാനാത്ര ശേഷി ബെൽഗൊറോഡിനുണ്ടെന്നാണ് റഷ്യയുടെ അവകാശവാദം.

കഴിഞ്ഞ 30 വർഷത്തിനിടെ റഷ്യ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ അന്തർവാഹിനിയാണ് ' ബെൽഗൊറോഡ് " എന്നാണ് കരുതുന്നത്. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ അന്തർവാഹിനിയാണ് ബെൽഗോറാഡ് എന്നാണ് റിപ്പോർട്ട്. ഹിരോഷിമയിൽ വർഷിച്ച ബോംബിനെക്കാൾ 130 ഇരട്ടി ശേഷിയുള്ള ആറ് ന്യൂക്ലിയാർ പോസിഡോൺ ടോർപിഡോകളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട് ബെൽഗൊറോഡിൽ.

സമുദ്രത്തിന്റെ അടിത്തട്ടിലുള്ളവയെ നശിപ്പിക്കാൻ ശേഷിയുള്ള ചെറു അന്തർവാഹിനികളെ വഹിക്കാൻ മാത്രം വലിപ്പമുണ്ട് ബെൽഗൊറോഡിന്. അട്ടിമറി, രഹസ്യ നീക്കങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ തരത്തിലാണ് ബെൽഗൊറോഡിന്റെ നിർമ്മാണം. എല്ലാത്തിനുമുപരി റഷ്യയുടെ വജ്രായുധമായ പോസിഡോൺ ടോർപിഡോകളാണ് ബെൽഗൊറോഡിന് കരുത്തേകാൻ പോകുന്നത്.

 പോസിഡോൺ

ലോകത്ത് നിലവിലുള്ളതിൽ വച്ച് ഏറ്റവും ഉഗ്ര ശേഷിയുള്ള ഹൈടെക് ആയുധങ്ങളിലൊന്നായി മാറുമെന്ന് കരുതപ്പെടുന്ന ഒന്നാണ് 'സൂപ്പർ - വെപ്പൺ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റെൽത്ത് ടോർപ്പിഡോ ആയ 'പോസിഡോൺ 2M39". ആണവോർജ്ജത്തിലാണ് പോസിഡോൺ ടോർപ്പിഡോയുടെ പ്രവർത്തനം. പോസിഡോൺ ടോർപ്പിഡോകൾക്ക് തീരദേശ മേഖലകളിൽ കനത്ത നാശം വിതയ്ക്കാനുള്ള ശേഷിയുണ്ട്. 'റേഡിയോ ആക്ടീവ് സുനാമി' എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ വിശേഷിപ്പിക്കുന്നത് തന്നെ.

അതായത്, നാവിക കേന്ദ്രങ്ങൾ, അന്തർ വാഹിനികൾ, തീരദേശ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ സുനാമി പോലെ തകർത്തെറിയാൻ പോസിഡോണിന് കഴിയും. 100 മെഗാടണ്ണോളം ഭാരവാഹക ശേഷിയുണ്ട് പോസിഡോണിന്. പരീക്ഷണഘട്ടങ്ങളിലുള്ള പോസിഡോണിന് ഒരു എതിരാളി ആഗോള സൈനിക ശക്തിയായ അമേരിക്കയുടെ കൈയ്യിൽ പോലുമില്ല. വിമാനവാഹിനി കപ്പലുകളെ പോലും പോസിഡോണിന് നിസാരമാണത്രെ.! പോസിഡോണിന്റെ കടലിനടിയിലെ പരീക്ഷണങ്ങൾ 2018ൽ തുടങ്ങിയിരുന്നു.

2027ൽ മാത്രമേ പോസിഡോണിന്റെ വിതരണം ആരംഭിക്കൂ എന്നാണ് റിപ്പോർട്ട്. ബെൽഗൊറോഡിനെ കൂടാതെ, ഖാബറോവ്‌സ്ക് എന്ന അന്തർവാഹിനിയ്ക്കും പോസിഡോണിനെ വഹിക്കാനാകും. ഖാബറോവ്‌സ്ക് നിലവിൽ നിർമ്മാണ ഘട്ടത്തിലാണ്.

 ശബ്ദത്തെ പിന്നിലാക്കും !

ഹൈപ്പർസോണിക് ആയുധ രംഗത്ത് അമേരിക്കയുടെ മുഖ്യശത്രുവാണ് റഷ്യ. ശബ്ദത്തേക്കാൾ ഇരട്ടി വേഗത്തിൽ കുതിക്കുന്ന ഹൈപ്പർസോണിക് മിസൈൽ ടെക്നോളജി ഗവേഷണത്തിൽ റഷ്യ അമേരിക്കയേക്കാൾ മുന്നിലാണ്. ഏതാനും ദശാബ്ദങ്ങളായി റഷ്യ ഈ രംഗത്ത് സജീവ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അവൻ‌ഗാർഡ്, സിർകോൺ, കിൻഷൽ എന്നീ മൂന്ന് മാരക ഹൈപ്പർസോണിക് ആയുധങ്ങൾ റഷ്യയെ കരുത്തുറ്റതാക്കുന്നു.

നിലവിലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയെ ഉപയോഗശൂന്യമാക്കുന്ന വിധത്തിൽ ശബ്ദത്തെക്കാൾ വേഗത്തിൽ കുതിക്കുന്ന ഹൈപ്പർസോണിക് മിസൈലുകളാണ് റഷ്യയുടെ പക്കലുള്ളത്. 2018ലാണ് ' അവൻ‌ഗാർഡ് " എന്ന ന്യൂക്ലിയർ ഹൈപ്പർ‌സോണിക് മിസൈൽ സിസ്റ്റം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ആർക്കും കീഴടക്കാനാകാത്തതെന്നാണ് തങ്ങളുടെ ഹൈപ്പർസോണിക് ആയുധങ്ങളെ പുടിൻ അന്ന് വിശേഷിപ്പിച്ചത്.

സിർകോൺ ഹൈപ്പർസോണിക് ക്രൂസ് മിസൈലിന്റെ അത്യാധുനിക പതിപ്പിന്റെ പരീക്ഷണം ഇക്കഴിഞ്ഞ ഡിസംബറിലും റഷ്യ വിജയകരമായി നടത്തിയിരുന്നു. യുക്രെയിൻ സംഘർഷത്തിന്റെ ആരംഭത്തിൽ തന്നെ സിർകോണിന്റെ ഏതാനും പരീക്ഷണങ്ങൾ റഷ്യ പൂർത്തിയാക്കിയിരുന്നു.