putin-modi

ന്യൂഡൽഹി: റഷ്യ - യുക്രെയിൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ ടെലിഫോണിൽ ബന്ധപ്പെട്ടു. പ്രശ്നത്തിൽ ഇടപെടണമെന്ന യുക്രെയിൻ നേതൃത്വത്തിന്റെ അപേക്ഷയെ തുടർന്നാണ് പ്രധാനമന്ത്രി മോദി പുടിനെ ബന്ധപ്പെട്ടത്. യുദ്ധം അവസാനിപ്പിച്ച് പ്രശ്നങ്ങൾക്ക് സമവായത്തിലൂടെയും ചർച്ചകളിലൂടെയും പരിഹാരം കാണണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കി.

റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള പ്രശ്നങ്ങൾ സത്യസന്ധമായ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്ന ഇന്ത്യയുടെ ദീർഘകാലത്തെ നിലപാട് മോദി ആവർത്തിച്ചു. യുദ്ധത്തിന് ഇടയായ സാഹചര്യവും റഷ്യയുടെ നിലപാടും പുടിൻ മോദിക്ക് വിശദീകരിച്ചു നൽകിയതായും പത്രകുറിപ്പിൽ വ്യക്തമാക്കി.

യുക്രെയിനിൽ അകപ്പെട്ടു പോയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വത്തിനാണ് ഇന്ത്യയുടെ മുൻഗണനയെന്നും അവരെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങളിലെ നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ഇരു രാജ്യങ്ങളെുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ഭാവിയിൽ നടത്തുമെന്ന് ഇരു രാഷ്ട്രതലവന്മാരും സമ്മതിച്ചു.