prime-volley

ഹൈദരാബാദ്: ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പ്രൈം വോളിബാൾ ലീഗിന്റെ ആദ്യ സെമിഫൈനലിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തോൽപ്പിച്ച് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ഫൈനലിൽ കടന്നു. സ്‌കോർ: 15-13, 15-12, 9-15, 15-12. ഇന്നത്തെ കൊൽക്കത്ത തണ്ടർബോൾട്ട്‌സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള രണ്ടാം സെമി മത്സരത്തിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഡിഫൻഡേഴ്‌സ് നേരിടുക. സ്‌പൈക്കുകളുമായി കളം നിറഞ്ഞ അഹമ്മദാബാദ് ഡിഫൻഡേഴ്‌സിന്റെ ഷോൺ ടി ജോൺ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിൽ ഷോൺ ടി ജോണിന്റെ സ്‌പൈക്കുകൾ അഹമ്മദാബാദിനെ 10-8ന് ലീഡ് ചെയ്യാൻ സഹായിച്ചു. എന്നാൽ എസ്‌.വി ഗുരു പ്രശാന്തിന്റെ സ്‌പൈക്കിലൂടെ ഒരു സൂപ്പർപോയിന്റ് നേടിയ ബ്ലാക്ക് ഹോക്‌സ് സ്‌കോർ 10-10 എന്ന നിലയിൽ സമനിലയിലാക്കി. ഡിഫൻഡേഴ്‌സ് 13-11ന് ലീഡ് തിരിച്ചുപിടിച്ചു. ആധിപത്യം തുടർന്ന അഹമ്മദാബാദ് ഒടുവിൽ 15-13ന് ആദ്യ സെറ്റ് നേടി.

അംഗമുത്തുവിന്റെ ഗംഭീര സ്‌പൈക്കും മനോജിന്റെ ഒരു സൂപ്പർ ബ്ലോക്കും അഹമ്മദാബാദിന് രണ്ടാം സെറ്റിൽ 9-7ന്റെ ലീഡ് നല്‍കി. പ്രശാന്തിലൂടെ തിരിച്ചടിച്ച ബ്ലാക്ക് ഹോക്‌സ് സ്‌കോർ 9-9ന് സമനിലയിലാക്കി. ക്യാപ്റ്റൻ മുത്തുസാമിയിലൂടെ അഹമ്മദാബാദ് ഒരു സൂപ്പർ പോയിന്റ് നേടി, 12-9ന് മൂന്ന് പോയിന്റ് ലീഡ് നേടാനും അത് സഹായിച്ചു. ലീഡ് നിലനിറുത്തിയ ടീം ഒടുവിൽ രണ്ടാം സെറ്റ് 15-12ന് സ്വന്തമാക്കി മത്സരത്തിൽ 2-0ന്റെ ലീഡും നേടി.

മൂന്നാം സെറ്റിൽ ആതിഥേയർ തിരിച്ചുവരവ് നടത്തി. 5-1ന് മുന്നിലെത്തിയ ബ്ലാക്ക് ഹോക്‌സ് ഗുരുപ്രശാന്തിന്റെ ചില ഗംഭീര സ്‌പൈക്കുകളിലൂടെ കുതിച്ചു. അഹമ്മദാബാദിന്റെ ചില അനാവശ്യ പിഴവുകൾ ഹൈദരാബാദിന്റെ വഴി എളുപ്പമാക്കി. 15-9ന് അവർ മൂന്നാം സെറ്റ് നേടി.

നാലാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. മനോജിന്റെയും ഷോൺ ടി ജോണിന്റെയും മികവിൽ ഡിഫൻഡേഴ്‌സ് 12-9ന് മുന്നിലായി. ഒരു സൂപ്പർ പോയിന്റ് കൂടി നേടിയതോടെ അഹമ്മദാബാദ് ഡ്രൈവിംഗ് സീറ്റിലായി. സ്‌കോർ 14-9ൽ നിൽക്കെ ബ്ലാക്ക് ഹോക്‌സിനായി അമിത് ഗുലിയ തുടർച്ചയായ മൂന്ന് പോയിന്റുകൾ നേടി. എന്നാൽ, പതറാതെ കളിച്ച അഹമ്മദാബാദ് നാലാം സെറ്റ് 15-12ന് അവസാനിപ്പിച്ച് ഫൈനലിലേക്ക് മുന്നേറി.

ഇന്ന് വൈകിട്ട് 6.50ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കാലിക്കറ്റ് ഹീറോസ്, കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ നേരിടും.