
ലോകാദ‌്ഭുതങ്ങളിലൊന്നായ വൻമതിൽ സ്ഥിതി ചെയ്യുന്നത് ചൈനയിലാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഈഫൽ ടവറും ലണ്ടൻ ബ്രിഡ്‌ജും പിസാ ഗോപുരവും പിരമിഡും ഒക്കെ ചൈനയിലുണ്ടെന്ന് കേട്ടാലോ. സംഗതി സത്യമാണ്, പക്ഷേ ഇവയെല്ലം ഒറിജിനൽ അല്ലെന്ന് മാത്രം. ലോകപ്രശസ്ത നിർമ്മിതികളുടെ ചൈനാപതിപ്പ് അഥവാ ഡ്യൂപ്ലിക്കേറ്റ് കെട്ടിടങ്ങളാണ് ഇവയെല്ലാം.
ചൈനയിലെ പല നഗരങ്ങളിലായാണ് ഇത്തരം കൃത്രിമ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സുഷൗ നഗരത്തിൽ നദിക്കു കുറുകെയാണ് ചൈനയിലെ ലണ്ടൻ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. .131 അടിയാണ് ഇതിന്റെ ഉയരം.2012ലാണ് ഇത് നിർമ്മിച്ചത്. യഥാർത്ഥ ലണ്ടൻ ബ്രിഡ്ജിന് രണ്ടു ഗോപുരങ്ങളാണ് ഉള്ളതെങ്കിൽ ചൈനയുടെ ലണ്ടൻ ബ്രിഡ്ജിന് നാല് ഗോപുരങ്ങളുണ്ട്. ഷാങ്ങ്ഹായ്ക്ക് സമീപമുള്ള സോങ്ങ്ജിയാങ്ങ് ജില്ലയിൽ തെംസ് ടൗൺ എന്ന ഒരു നഗരം തന്നെയുണ്ട്. വിക്ടോറിയൻ ശൈലിയിൽ നിർമ്മിക്കപ്പെട്ട വീടുകളും നിരത്തുകളും വിൻസ്റ്റൺ ചർച്ചിലിന്റെ ഒരു പ്രതിമയും വരെ ഇവിടെ കാണാൻ കഴിയും.

ഷെജിയാങ്ങ് പ്രവിശ്യയിലാണ് ഈഫൽ ഗോപുരത്തിന്റെ പകർപ്പ് സ്ഥിതിചെയ്യുന്നത്. 354 അടി ഉയരമാണ് ഇതിനുള്ളത്. സമീപത്തെ കെട്ടിടങ്ങളും പാരീസിലേതിന് സമാനമായാണ് നിർമ്മിച്ചിരിക്കുന്നത്. പാരീസിലെ പ്രസിദ്ധമായ ലൂവർ പിരമിഡും ചൈനയിലുണ്ട്.സിഡ്നിയിലെ ഒപ്പേറ ഹൗസും ഹാർബർ ബ്രിഡ്ജുമാണ് മറ്റു രണ്ട് വിദേശ കാഴ്ചകൾ. അപ്രഖ്യാപിത ശത്രുവാണെങ്കിലും അമേരിക്കയിലെ വൈറ്റ് ഹൗസ്, വൈറ്റ് ഹൗസ്, ലിങ്കൺ മെമ്മോറിയൽ, കാപിറ്റോൾ ബിൽഡിംഗ് എന്നിവയുടെയെല്ലാം കൃത്രിമ പതിപ്പ് ചൈനക്കാർ നിർമ്മിച്ചിട്ടുണ്ട്.
ഗിസയിലെ ഗ്രേറ്റ് സ്ഫിങ്ക്സ് പ്രതിമ, ഷാങ്ങ്ഹായിൽ നിർമ്മിച്ചിരിക്കുന്ന ഇറ്റലിയിലെ പിസ ഗോപുരത്തിന്റെ പതിപ്പ്, എന്നിങ്ങനെ ഡ്യൂപ്ലിക്കേറ്റ് കെട്ടിടങ്ങളുടെ നീണ്ട പട്ടികയാണ് ചൈനയിൽ ഉള്ളത്. സിഷ്വാൻ പ്രവിശ്യയിൽ നിർമ്മിക്കപ്പെടുന്ന ടൈറ്റാനിക് കപ്പലിന്റെ മാതൃകയാണ് ഇവയിൽ ഏറ്റവും ഒടുവിലത്തേത്.

ഇനി ഇത്തരം നിർമ്മിതികൾ ചൈനയിൽ ഉണ്ടാകാൻ സാദ്ധ്യത കുറവാണ്. മറ്റു രാജ്യങ്ങളുടെ വാസ്തുവിദ്യയിൽ കെട്ടിടം നിർമിക്കുന്നതിന് നിലവിൽ ചൈനയിൽ നിരോധനം ഏർപ്പെടുത്തിയതാണ് കാരണം. . വിദേശ മാതൃകകൾ അനുകരിക്കുന്നതും വിചിത്ര രൂപത്തിൽ ഉള്ളതുമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുമാണ് നിരോധനം. ചൈനയുടെ തനത് വാസ്തുവിദ്യയും സംസ്കാരവും എടുത്തുകാണിക്കുന്ന തരം കെട്ടിടങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നീക്കം.
