
കൊവിഡ് രോഗം മനുഷ്യന്റെ ജീവിതചര്യ തന്നെ മാറ്റിക്കുറിച്ച മഹാമാരിയായാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് കാരണം ലോകത്ത് ലക്ഷക്കണക്കിന് പേരാണ് മരണത്തെ പുൽകിയത്. രോഗം മാറിയവരിൽ വീണ്ടും കൊവിഡ് ബാധയുണ്ടാകുന്നതും പോസ്റ്റ് കൊവിഡ് കാരണമുള്ള അസ്വസ്ഥതകൾ കണ്ടുവരുന്നതും പതിവാണ്. ലൈംഗികതയെയും കൊവിഡ് രോഗം ബാധിക്കുമെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.
കൊവിഡ് ലൈംഗിക തൃഷ്ണ കുറയ്‌ക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. . പുരുഷന്മാരുടെ പ്രത്യുത്‌പാദന വ്യവസ്ഥയിൽ കൊവിഡ് വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ പാർശ്വഫലങ്ങളും വാക്സിനേഷൻ എടുത്ത വ്യക്തികളിൽ എങ്ങനെ സ്വാധീനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. കൊവിഡ് വൈറസ് വൃഷണങ്ങളെ തകരാറിലാക്കുകയും ലൈംഗികാസക്തി കുറയ്ക്കുകയും പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. .വൈറസ് ബാധിച്ച എലികളിലെ ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
അണുബാധയേറ്റ എലികളിൽ ബീജത്തിന്റെ എണ്ണത്തിലും ടെസ്റ്റോസ്റ്റിറോണിലും കുത്തനെ ഇടിവ് സംഭവിച്ചതായി പഠനത്തിൽ കണ്ടെത്തി. അണുബാധയ്ക്ക് ശേഷം ഏഴ് മുതൽ 120 ദിവസം വരെ വൃഷ്ണ കോശങ്ങളുടെ വീക്കം, ക്ഷയിക്കുക, വൃഷ്ണ ടിഷ്യുവിന്റെ കുറവ് എന്നിവ തുടരുന്നതായി പഠനത്തിൽ കണ്ടെത്തി. വൃഷ്ണങ്ങളുടെ വലുപ്പത്തിലും ഭാരത്തിലും കുറവുണ്ടായതായും പഠനത്തിൽ തെളിഞ്ഞു. ഇതിനെ ക്രോണിക് അസിമട്രിക് ടെസ്റ്റിക്കുലാർ അട്രോഫി എന്ന് വിളിക്കുന്നു. ഇത് ഹൈപ്പോഗൊനാഡിസത്തിന് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. . വന്ധ്യതയ്ക്കും ഇത് വഴി തെളിക്കുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് ഈ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.