
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിനും വാതകപൈപ്പ് ലൈൻ പദ്ധതിയിലും സഹായം ചോദിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിലെത്തിയത് ഇന്നലെയാണ്. അതേസമയം തന്നെ യുക്രെയിനിൽ ആക്രമണം റഷ്യ ആരംഭിക്കുകയും ചെയ്‌തു. ഇമ്രാൻ എത്തിയപ്പോൾ സ്വീകരിക്കാൻ പ്രസിഡന്റായ പുടിനോ, പ്രധാനമന്ത്രിയോ എത്തിയില്ല. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായ ഇഗോർ മോർഗുലോവും സംഘവുമാണ് സ്വീകരിച്ചത്. ഇത് സത്യത്തിൽ പാകിസ്ഥാന് വലിയ നാണക്കേടാണ്. എന്നിട്ടും സന്ദർശനം തുടരുകതന്നെയാണ് ഇമ്രാൻ.
റഷ്യ ആക്രമണം നടത്തുന്ന ഈ സാഹചര്യത്തിലും സാമ്പത്തിക സഹായം ചോദിച്ച് ചെല്ലാതെ അൽപമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ തിരികെ പോകണമെന്ന് ഇമ്രാൻ ഖാനെ വിമർശിക്കുകയാണ് ശശി തരൂർ എം.പി. ഇക്കാര്യത്തിൽ 1979ൽ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന എ,.ബി വാജ്‌പേയ് സ്വീകരിച്ച മാർഗം പിന്തുടരണമെന്ന് തരൂർ ഇമ്രാനെ ഉപദേശിക്കുന്നു. വിയറ്റ്‌നാമിനെ ചൈന ആക്രമിക്കുന്ന സാഹചര്യം അന്നുണ്ടായപ്പോൾ ഔദ്യോഗിക സന്ദർശനം നടത്തുകയായിരുന്ന വാജ്‌പേയ് അത് റദ്ദാക്കി മടങ്ങിയെത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തരൂർ വിമർശനം ഉന്നയിച്ചത്.
ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
1979ൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി ചൈന സന്ദർശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദർശനം നിർത്തി ഇന്ത്യയിലേക്ക് മടങ്ങി.
ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോൾ റഷ്യൻ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ സന്ദർശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കിൽ ഈ അധാർമികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും.