
മോസ്‌കോ: ഉക്രെയിനിലെ റഷ്യൻ കടന്നുകയറ്റത്തിനെതിരെ പ്രതിഷേധവുമായി ഫോർമുല വൺ കാറോട്ടത്തിലെ ചാമ്പ്യൻ മാക്‌സ് വെർസ്‌റ്റപ്പെനും മുൻ ചാമ്പ്യൻ സെബാസ്‌റ്റ്യൻ വെറ്റലും. ഉക്രെയിനെ കീഴടക്കാൻ ശ്രമിക്കുന്ന റഷ്യയിൽ സെപ്‌തംബർ മാസത്തിൽ നടക്കുന്ന ഗ്രാൻപ്രിയിൽ പങ്കെടുക്കുന്നത് താൻ ചെയ്യുന്ന തെറ്റാകുമെന്ന് സെബാസ്‌റ്റ്യൻ വെറ്റൽ അറിയിച്ചു.
ആസ്‌റ്റൻ മാർട്ടിൻ ഡ്രൈവറും നാല് തവണ ചാമ്പ്യനുമായ 34 കാരനായ വെറ്റൽ റഷ്യൻ നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തി. ബാഴ്‌സലോണയിൽ നടന്ന പത്രസമ്മേളനത്തിലാണ് വെറ്റൽ തന്റെ പ്രതിഷേധം അറിയിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന നിഷ്‌കളങ്കരായ ജനങ്ങളെയോർത്ത് താൻ ദു:ഖിക്കുന്നതായും വെറ്റൽ പറഞ്ഞു.
ഒരു രാജ്യം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അവിടെ മത്സരത്തിൽ ഏർപ്പെടുന്നത് തെറ്റാണെന്ന് നിലവിലെ ചാമ്പ്യനായ മാക്‌സ് വെഴ്‌സ്‌റ്റപ്പനും പറഞ്ഞു. റഷ്യയിലെ സംഭവങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ഫോർമുലവൺ വക്താവ് അറിയിച്ചു. മാർച്ച് 20ന് ബഹ്റിനിലാണ് അടുത്ത ഫോർമുല വൺ മത്സരം. സെപ്‌തംബർ 25നാണ് റഷ്യൻ ഗ്രാൻപ്രി നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.