
പാരിസ്: യുക്രെയിനിലെ ആക്രമണം നടത്തിയതിന്റെ ആദ്യദിനം വിജയകരമാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഫ്രാൻസ്. നാറ്റോയുടെ പക്കലും ആണവായുധങ്ങളുണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു. റഷ്യയുടെ അധിനിവേശത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായ ഭാഷയിൽ വിമർശിച്ചു. ചർച്ചകൾക്കുളള പാത തുറന്നിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ അമേരിക്കയും ജപ്പാനും റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധത്തിന് മുതിരുകയാണ്. ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ കൗൺസിൽ യുക്രെയിനിലെ സ്ഥിതിഗതികൾ ഇന്ന് വിലയിരുത്തുന്നുണ്ട്. റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാറ്റോ സഖ്യത്തിന്റെ സുരക്ഷയ്‌ക്ക് 7000 സൈനികരെ ജർമ്മനിയിലേക്ക് അയച്ചു.
നിലവിൽ വിദ്യാർത്ഥികളടക്കം 18,000ത്തോളം ഇന്ത്യാക്കാർ യുക്രെയിനിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതരായി എത്തിക്കാൻ ഇന്ത്യ സമാധാന ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ യുക്രെയിനിയൻ സൈന്യം ശക്തമായി പ്രതിരോധിക്കുകയാണ്. ജനങ്ങളോട് ആയുധമെടുത്ത് രാജ്യത്തിനായി പോരാടാൻ പ്രസിഡന്റ് വോൾഡിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.