
ചേർത്തല: വജ്ര സോഷ്യൽ സൊസൈറ്റിയുടെയും വെള്ളപ്പനാട്ട് കാവിൽ കുടുംബ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 'പാമ്പ് ധാരണകളും തെറ്റിദ്ധാരണകളും' എന്ന വിഷയത്തിൽ അവബോധ സെമിനാർ സംഘടിപ്പിച്ചു. പാമ്പുകളെ ഉപദ്രവിക്കരുതെന്നും അതിന്റെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മഞ്ഞച്ചേര മലർന്ന് കടിച്ചാൽ മലയാളത്തിലും മരുന്നില്ല എന്ന് പറയുന്നത് വാസ്തവമുള്ള കാര്യമല്ലെന്ന് സെമിനാറിന് നേതൃത്വം നൽകിയ വനം വകുപ്പിൽ നിന്നും പാമ്പ് പിടുത്തത്തിന് വിദഗ്ദ്ധ പരിശീലനം നേടിയ അരുൺ സി. മോഹൻ പറഞ്ഞു.
മഞ്ഞച്ചേരയ്ക്ക് വിഷമില്ലെന്നും ഇവ മലർന്നോ കമിഴ്‌ന്നോ കടിച്ചാലും കടിയേറ്റ വ്യക്തിക്ക് വിഷം ഏൽക്കില്ല. കടിച്ച പാമ്പിനെ തിരിച്ച് വിളിച്ച് വീണ്ടും കടിപ്പിച്ച് വിഷമിറക്കുമെന്ന് പറയുന്നതും വാസ്തവമല്ല. വീണ്ടും കടിപ്പിച്ചാൽ വിഷം വീണ്ടും തീണ്ടുകയേയുള്ളു. ഒരു പാമ്പിനെ ഉപദ്രവിച്ചാൽ അതിന്റെ ഇണ ഉപദ്രവിച്ച ആളെ എത്ര നാളുകൾക്ക് ശേഷമായാലും കടിക്കുമെന്ന് പറയുന്നതും ശരിയല്ല. ഓർമ്മിച്ച് വെക്കാനുള്ള കഴിവ് അല്പം പോലും പാമ്പുകൾക്കില്ലെന്നും സെമിനാറിൽ ചോദ്യങ്ങൾക്ക് ഉത്തരമായി അരുൺ പറഞ്ഞു.
പാമ്പുകളെ കണ്ടാൽ അവയെ ഉപദ്രവിക്കാതെ സർപ്പ ആപ്പിന്റെ സഹായത്തോടെ വനം വകുപ്പിനെ വിവരമറിയിക്കാനുള്ള സൗകര്യമുണ്ട്. പാമ്പുകളുടെ സംരക്ഷണത്തിനും ബോധവത്ക്കരണത്തിനും ലക്ഷ്യമിട്ടാണ് ആപ്പിന്റെ പ്രവർത്തനം . ഇതു വഴി ബന്ധപ്പെട്ടാൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ പാമ്പുകളെ വനം വകുപ്പിന്റെ വിദഗ്ദ്ധ പരീശീലനം നേടിയവരെത്തി പിടിച്ച് വനമേഖലയിലേക്ക് മാറ്റും. പ്ലേ സ്‌റ്റോറിൽ നിന്നും സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്യാം. വനം വകുപ്പിന്റെ പരിശീലനം നേടിയ പാമ്പ് പിടുത്തക്കാരുടെ ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ ആപ്പിൽ ലഭിക്കും.
വെള്ളപ്പനാട്ട് കാവിനു സമീപം നടന്ന സെമിനാർ വെള്ളപ്പനാട്ട് കാവിൽ കുടുംബ ട്രസ്റ്റ് പ്രസിഡന്റ് കെ.പി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. വജ്ര പ്രസിഡന്റ് സുരേഷ് മാമ്പറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്.സജിമോൻ മുഖ്യപ്രഭാഷണം നടത്തി. ടി.എസ്.ശ്യാംമോഹൻ, പി.എസ്.സാബു,ആർ.രതീഷ്, കെ.ആർ.രജീന്ദ്രൻ എന്നിവർ സംസാരിച്ചു.