sean-penn

കീവ്: യുക്രെയിനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ ലോകം നടുങ്ങി നിൽക്കുന്നതിനിടെ യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി തയാറാക്കാനുള്ല ഒരുക്കത്തിലാണ് ചലച്ചിത്ര നിർമാതാവും നടനുമായ സീൻ പെൻ. യുക്രെയിനിൽ എത്തിയ അദ്ദേഹം ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്കിനെ കാണുകയും റഷ്യൻ അധിനിവേശത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോടും സൈനികരോടും സംസാരിക്കുകയും ചെയ്തു. യുക്രെയിൻ പ്രസി‌‌ഡന്റിന്റെ ഓഫീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'മറ്റ് രാജ്യങ്ങളിലെ പലർക്കും പ്രത്യേകിച്ച് പാശ്ചാത്യ രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത ധൈര്യം സീൻ പെൻ പ്രകടിപ്പിക്കുന്നു. യുക്രെയിനിൽ നിലവിൽ നടക്കുന്ന എല്ലാ സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും അധിനിവേശത്തെക്കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങൾ ലോകത്തെ അറിയിക്കാനുമായാണ് അദ്ദേഹം കീവിലെത്തിയത്. '- പ്രസിഡന്റ് ഫേസ്ബുക്കിൽ കുറിച്ചു.

രണ്ട് തവണ ഓസ്കാർ ജേതാവായ അദ്ദേഹം വർഷങ്ങളായി നിരവധി യുദ്ധവിരുദ്ധ ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ 2010ലെ ഹെയ്തിയിലെ ഭൂകമ്പത്തിന് ശേഷം ദുരന്ത നിവാരണ സംഘടനയും അദ്ദേഹം സ്ഥാപിച്ചു. 'സിറ്റിസൺ പെൻ' എന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയിൽ ഇതേക്കുറിച്ച് വിവരിച്ചിട്ടുണ്ട്.