beverage-shop

കൊല്ലം: ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി കഴിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കൊല്ലം ഏഴുകോൺ ബിവറേജസ് ഷോപ്പിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് എക്സൈസ് ഷോപ്പിൽ പരിശോധന നടത്തി. സാധാരണക്കാർ കൂടുതലായി വാങ്ങുന്ന ഒമ്പത് ഇനം മദ്യങ്ങളുടെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം വന്നാൽ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്നത് വ്യക്തമാകൂ. പരാതിയെ തുടർന്ന് ഇന്നലെ വിൽപ്പനശാല തുറന്നില്ല.

കഴിഞ്ഞ ദിവസമാണ് ഇയാൾ സുഹൃത്തിനോടൊപ്പം മദ്യപിച്ചത്. വൈകുന്നേരത്തോടെ തന്നെ കാഴ്ചയ്കക്ക് പ്രശ്നം ആരംഭിച്ചു. തുടർന്ന് ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. എന്നാൽ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇതേ ഷോപ്പിൽ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവർക്കോ ആരോഗ്യപ്രശ്നങ്ങളുള്ളതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബി സുരേഷ്, അസി.കമ്മീഷണർ വി റോബർട്ട്, സിഐപിഎ സഹദുള്ള, ഇന്റലിജൻസ് ഇൻസ്പെക്ടർ ഉദയകുമാർ, ഇൻസ്പെക്ടർ പോൾസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഉടൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.