kyiv

കീവ്: ഉക്രെയിന്റെ തലസ്ഥാനമായ കീവ് വളയാനുള‌ള ഒരുക്കത്തിൽ റഷ്യൻ സൈന്യം. കീവിന് വെറും 32 കിലോമീ‌റ്റർ മാത്രം അകലെയാണ് ഇപ്പോൾ റഷ്യൻ പട്ടാളമുള‌ളത്. ഉക്രെയിന്റെ എസ്‌യു27 യുദ്ധവിമാനം റഷ്യ തങ്ങളുടെ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന ആധുനിക മിസൈൽ ഉപയോഗിച്ച് തകർത്തു.

കീവിൽ സ്‌ഫോടന പരമ്പര തന്നെ അരങ്ങേറുകയാണ്. ആറോളം സ്‌ഫോടനങ്ങളാണ് റഷ്യൻ അധിനിവേശത്തിന്റെ രണ്ടാം ദിനം ഉക്രെയിന്റെ തലസ്ഥാനത്തുണ്ടായത്. റഷ്യ വിക്ഷേപിച്ച മിസൈൽ തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായും ഉക്രെയിൻ അറിയിച്ചു.

റഷ്യയ്‌ക്കെതിരായി തങ്ങളെ സഹായിക്കണമെന്ന് ഹാക്കർമാരോട് യുക്രെയിൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അ‌ജ്ഞാതരായ ഹാക്കർമാർ റഷ്യയ്‌ക്കെതിരെ സൈബർ യുദ്ധം തന്നെ പ്രഖ്യാപിച്ചു. റഷ്യയുടെ ഔദ്യോഗിക ചാനലായ റഷ്യ ടുഡെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. ഇപ്പോഴും ചാനൽ സംപ്രേക്ഷണം ആരംഭിക്കാനായിട്ടില്ല. ഈയാഴ്‌ച കൊണ്ടുതന്നെ കീവ് തങ്ങൾ പിടിച്ചെടുക്കുമെന്നാണ് റഷ്യ അറിയിച്ചത്.

അതേസമയം തങ്ങളുടെ സഹായത്തിനെത്താത്ത പാശ്ചാത്യ രാജ്യങ്ങളെ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വിമർശിച്ചു. റഷ്യയുടെ പ്രഥമ ശത്രു താനാണെന്നും അദ്ദേഹം പറഞ്ഞു.

കീവ് കീഴടക്കുന്നതിനരികിലാണ് റഷ്യയെങ്കിലും തങ്ങൾ കീഴടങ്ങില്ലെന്ന് ഉക്രെയിനിയൻ സർക്കാർ പ്രതിനിധികൾ സൂചിപ്പിച്ചു. റഷ്യയുടെ മിസൈൽ വ്യൂഹം ആണവായുധ മാലിന്യങ്ങൾ നിറഞ്ഞയിടത്ത് വീണതോടെ ഇവിടെ ആണവ വികിരണങ്ങൾ പ്രസരിക്കുന്നത് വർദ്ധിച്ചതായി സൂചനയുണ്ട്.

kyivv

ജനങ്ങൾ ബോംബ് സ്‌ഫോടനങ്ങളിൽ നിന്ന് രക്ഷ നേടാൻ ബങ്കറുകളിൽ അഭയം തേടണമെന്ന് യുക്രെയിൻ സർക്കാർ ആവശ്യപ്പെട്ടു. ബെലാറസ് അതിർത്തിയിലുണ്ടായിരുന്ന റഷ്യൻ സൈന്യത്തിന് കീവിലേക്ക് എത്താനുള‌ള എളുപ്പവഴി ചെർണോബിൽ പിടിച്ചടക്കുകയാണ്. അതിനാലാണ് ഇവിടം സൈന്യം കീഴടക്കിയത്.

യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ പലർക്കും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. ഇന്ത്യക്കാരെ കരയിലൂടെ ഉൾപ്പടെ രക്ഷപ്പെടുത്താനുള‌ള ശ്രമങ്ങൾ ആലോചിക്കുകയാണ് ഇന്ത്യ. നാല് രാജ്യങ്ങൾ വഴി വിപുലമായ പദ്ധതി തയ്യാറാക്കിയാണ് പൗരന്മാരെ രക്ഷിക്കുക.