
പത്തനംതിട്ട : മണക്കയം ആദിവാസികോളനയിലെ ഗോപാലന്റെയും നാരായണിയുടെയും നേതൃത്വത്തിലുള്ള സംഘം മീനമാസമാകാൻ കാത്തിരിക്കും . മലദൈവങ്ങളെ വണങ്ങി അവർ പൊന്നമ്പൂവ് തേടി കാട്ടിലേക്ക് പോകുന്നത് ഈ നാളുകളിലാണ്. പത്ത് വയസുമുതൽ കാട് കയറാൻ തുടങ്ങിയതാണ് എൺപതുകാരനായ ഗോപാലനും എഴുപതുകാരിയായ നാരായണിയും. പതിനഞ്ചോ അതിലധികമോ വരുന്ന സംഘത്തിനൊപ്പമാണ് ഇപ്പോഴത്തെ വനയാത്ര. പത്ത് വയസുമുതലുള്ള കുട്ടികൾ വരെ ഇതിലുണ്ടാകും. കാട്ടുമൃഗങ്ങളെ കണ്ടാൽ എന്തുചെയ്യണമെന്ന് ഗോപാലൻ പറയും. അതനുസരിച്ചാണ് സംഘം നീങ്ങുക.
അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് ഗോപാലൻ. ഏഴ് പെൺമക്കളും മൂന്ന് ആൺമക്കളുമുണ്ട് ഉള്ളാട വിഭാഗത്തിൽപ്പെട്ട ഈ ദമ്പതികൾക്ക്.
ഒന്നോ രണ്ടോ മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് യാത്ര. 20 മുതൽ നൂറ് കിലോ വരെ പൊന്നമ്പൂവ് ശേഖരിച്ച് മടങ്ങും. ആദിവാസി കളുടെ പ്രധാന വരുമാന സ്രോതസാണ് പൊന്നമ്പൂവ്. അവർ ശേഖരിക്കുന്ന വനവിഭവങ്ങളിൽ പ്രധാനം.
എന്നാൽ ഇപ്പോൾ മുൻ വർഷങ്ങളിലെപ്പോലെ ലഭിക്കുന്നില്ല. കാലാവസ്ഥമാറിയതുകൊണ്ട് ചിലതൊക്കെ നേരത്തെ പൂക്കും. ഗിരിജൻ സൊസൈറ്റികളും മലഞ്ചരക്ക് വ്യാപാരികളുമാണ് ആദിവാസികളിൽ നിന്ന് പൊന്നമ്പൂവ് വാങ്ങുന്നത്. ഉത്തരേന്ത്യക്കാർ കിലോയ്ക്ക് രണ്ടായിരത്തിലധികം രൂപ കൊടുത്താണ് മൊത്തവ്യാപാരികളിൽ നിന്ന് വാങ്ങുന്നത്. പക്ഷേ ആദിവാസികൾക്ക് കിലോയ്ക്ക് 200 മുതൽ 750 രൂപ വരെയേ ലഭിക്കു.
ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽകയറി വനവിഭങ്ങൾ ശേഖരിക്കാനുള്ള അവകാശം. എന്നാൽ മലഞ്ചരക്ക് വ്യാപാരികളുടെയടക്കം കൈവശം ഇവ ധാരാളമായി വിൽപ്പനയ്ക്കുണ്ട്.
പൊന്നമ്പൂവ്
പശ്ചിമഘട്ട വനങ്ങളിലെ കാട്ടുജാതി മരത്തിലാണ് പൊന്നാമ്പൂവ് ഉണ്ടാകുന്നത്. മിരിസ്റ്റിക്ക മലബാറിക്ക എന്നാണ് ശാസ്ത്രീയ നാമം.മുളപൊട്ടി വളർന്ന് ഇരുപത് വർഷത്തിന് ശേഷമാണ് കായ്ക്കുന്നത്. ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്. വസ്ത്രങ്ങൾക്ക് നിറംനൽകാനും പെയിന്റ് തയാറാക്കാനും ഇവ ചേർക്കാറുണ്ടെന്ന് ആദിവാസികൾ പറയുന്നു.
ജാതിക്കയിലെ ജാതിപത്രി പോലെയാണ് പൊന്നമ്പൂവിന്റെ ഘടന. ഉണക്കിയെടുത്തതിന് ശേഷം വിത്ത് കാട്ടിൽത്തന്നെ ആദിവാസികൾ ഉപേക്ഷിക്കും.