
കീവ്: റഷ്യൻ സേനയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ തയ്യാറുള്ള എല്ലാ പൗരന്മാരോടും മുന്നോട്ട് വരാൻ യുക്രെയിൻ പ്രസിഡന്റ് വ്ലാളിഡമർ സെലെൻസ്‌കി ആഹ്വാനം ചെയ്‌തു. അതിന്റെ ഭാഗമായി ജനങ്ങൾക്ക് ആയുധങ്ങൾ നൽകി തുടങ്ങി. റഷ്യൻ സൈന്യം യുക്രെയിൻ തലസ്ഥാനമായ കീവ് വളഞ്ഞതോടെയാണ് ജനങ്ങൾക്ക് ആയുധം നൽകാൻ ഭരണകൂടം തീരുമാനിച്ചത്.
യുദ്ധം രൂക്ഷമായതോടെ യുക്രെയിനിൽ നിന്നും കൂട്ട പലായനം നടക്കുകയാണ്. ഇതിനിടെ 18 നും 60 നും ഇടയിൽ പ്രായമുള്ള യുക്രെയിൻ പുരുഷൻമാർ രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധിക്കാൻ തയ്യാറായിട്ടുള്ളവർക്ക് ആയുധം നൽകുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
അതേസമയം, കീവ് ഏതു നിമിഷവും റഷ്യ പിടിച്ചെടുക്കുമെന്ന് തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നിലവിൽ 137 ആളുകൾ കൊല്ലപ്പെട്ടതായി യുക്രെയിൻ ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു. യുക്രെയിന് മേൽ നടത്തുന്ന യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ റഷ്യക്കാരോടും സെലൻസ്‌കി ആഹ്വാനം ചെയ്തു.
റഷ്യൻ ഫെഡറേഷനിലെ മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും യുക്രെയിനെതിരായ ഈ യുദ്ധത്തിൽ പ്രതിഷേധിക്കേണ്ട സമയമാണിത്. യുക്രെയിന് പ്രതിരോധത്തിന് വേണ്ട സഹായങ്ങൾ നൽകാനും അദ്ദേഹം ലോകത്തോട് അഭ്യർത്ഥിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എല്ലാവർക്കും ഇപ്പോൾ ഭയമാണ്. യുക്രെയിന് നാറ്റോ അംഗത്വം ഉറപ്പു തരാനോ തങ്ങളുടെ പോരാട്ടത്തിന് കൂടെ നിൽക്കാനോ ആരും ഇല്ലെന്നും സെലെൻസ്‌കി പ്രതികരിച്ചു.