satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേർന്നതായി സൂചന. വിവരമറിഞ്ഞ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആളെ അയച്ച് മിന്നൽ പരിശോധന നടത്തി യോഗം പൊളിച്ചു. കെപിസിസി സംഘം കന്റോൺമെന്റ് ഹൗസിലെത്തിയപ്പോൾ വി.ഡി സതീശനടക്കം പത്ത് നേതാക്കൾ ഇവിടെയുണ്ടായിരുന്നു.

വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് കെപിസിസി സംഘം കന്റോൺമെന്റ് ഹൗസിലെത്തിയത്. 'വെറുതെ ഒന്ന് ഇരുന്നതാണ്' എന്നായിരുന്നു നേതാക്കൾ സംഘത്തിന് നൽകിയ വിശദീകരണം. എന്നാലിത് ഗ്രൂപ്പ് യോഗമാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം.

കോൺഗ്രസ് സംഘടനാ ചുമതലയുള‌ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്‌ണൻ, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിൻ മോഹൻ എന്നിവർ കന്റോൺമെന്റ് ഹൗസിലെത്തിയപ്പോൾ കെട്ടിടത്തിലെ വശങ്ങളിലെ വാതിലിലൂടെ ചിലരും മുൻവശത്തെ വാതിലിലൂടെ മറ്റുള‌ള നേതാക്കളും പുറത്തിറങ്ങി.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ് ശിവകുമാർ, കെ.എസ് ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എ വാഹിദ്, കെപിസിസി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ, യൂജിൻ തോമസ് എന്നിവരുണ്ടായിരുന്നു.

ഇന്നലെ നിയമസഭയിൽ രാഷ്‌ട്രീയകാര്യ ചർച്ചകൾക്ക് പ്രതിപക്ഷ നേതാവ് എത്തിയിരുന്നില്ല. അതേസമയം ചേർന്നത് ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തിന്റെ സൗകര്യപ്രകാരം കാണാൻ വന്നതാണെന്നും നേതാക്കൾ അറിയിച്ചു.