
ഭോപ്പാൽ: പതിനാറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കി കുഴൽകിണറിൽ വീണ നാലുവയസുകാരൻ മരിച്ചു. മദ്ധ്യപ്രദേശിലെ ഉമാരിയ ജില്ലയിൽ ബാദ്‌ചദ് എന്ന പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഗൗരവ് ദുബേ എന്ന നാലുവയസുകാരനാണ് അബദ്ധത്തിൽ കുഴൽകിണറിൽ വീണത്. പതിനാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ കുട്ടിയെ പുറത്തെടുത്തു. തുടർന്ന് കാട്ട്‌നി ജില്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ രാജമാണി പട്ടേൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കുഴൽകിണറിൽ അകപ്പെട്ട ഗൗരവിനെ ഇന്ന് പുലർച്ചെ നാല് മണിയോടെ പുറത്തെടുത്തു. എന്നാൽ നിർഭാഗ്യകരമെന്നോണം കുട്ടി മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തന സംഘവും കുഞ്ഞിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ജില്ലാ കളക്ടർ സഞ്ജീവ് ശ്രീവാസ്തവ സമൂഹമാദ്ധ്യമത്തിൽ അറിയിച്ചു.